മനുഷ്യ-വന്യജീവി സംഘർഷം; 620 കോടിയുടെ പദ്ധതി ആവശ്യം കേന്ദ്രം തള്ളി
text_fieldsന്യൂഡൽഹി: മനുഷ്യ -വന്യജീവി സംഘർഷം നേരിടാൻ 620 കോടി രൂപയുടെ കേന്ദ്ര ഫണ്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. കേരളത്തിലെ നിയമസഭ സാമാജികർക്കൊപ്പം വന്നു കണ്ട് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉന്നയിച്ച ആവശ്യമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തള്ളിയത്.
വന്യജീവി കേന്ദ്രങ്ങളുടെ സംയോജിത പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുവദിച്ച രണ്ടുകോടി രൂപ കേരളം ചെലവഴിച്ചില്ലെന്നും അത് ചെലവിട്ട കണക്ക് സമർപ്പിച്ച ശേഷം കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടാൽ മതിയെന്നും ഭൂപേന്ദ്ര യാദവ് ശശീന്ദ്രനെയും എം.എൽ.എമാരെയും അറിയിച്ചു. കേന്ദ്ര നിയമത്തിൽ ഭേദഗതി അടക്കം കേരളം മുന്നോട്ടുവെച്ച മറ്റു ആവശ്യങ്ങളും തള്ളി.
മനുഷ്യ- വന്യജീവി സംഘർഷം നേരിടാനുള്ള പദ്ധതിക്കാണ് കേന്ദ്രത്തോട് പ്രത്യേക സാമ്പത്തിക സഹായം തേടിയത്. ഇതിനായി വിദഗ്ധ കൂടിയാലോചനകൾക്ക് ശേഷം കേരള വനംവകുപ്പ് ആവിഷ്കരിച്ചതായിരുന്നു സമഗ്ര പദ്ധതി. 2021 സെപ്റ്റംബർ ഏഴിന് കേന്ദ്ര സർക്കാറിന് സമർപ്പിച്ച പദ്ധതിയിൽ 60:40 എന്ന നിലക്ക് കേരളം ചെലവ് പങ്കിടുന്ന കേന്ദ്ര പദ്ധതിയായിട്ടാണ് നിർദേശം സമർപ്പിച്ചത്.
അതേസമയം, കണ്ടൽക്കാട് സംരക്ഷണത്തിന് കേന്ദ്ര ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്വകാര്യ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ 52.4 കോടിയുടെ പദ്ധതിയാണ് കേരളം സമർപ്പിച്ചത്. കൊല്ലാവുന്ന ക്ഷുദ്രജീവികളുടെ ഗണത്തിൽ കാട്ടുപന്നിയെ പെടുത്താൻ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്നതാണ് ഉന്നയിച്ച മറ്റൊരു ആവശ്യം. അത് സാധ്യമല്ലെന്നാണ് മന്ത്രി നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.