പേര് ഗുമതപുരം; ഇവിടെ ചാണകമെറിഞ്ഞും ചാണകത്തിൽ കുളിച്ചും ദീപാവലി ആഘോഷം
text_fieldsബംഗളൂരു: രാജ്യം മുഴുവൻ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ദീപാവലി ആഘോഷിക്കുേമ്പാൾ വിചിത്രമായ രീതിയിലാണ് കർണാടകയിൽ ഒരു ഗ്രാമത്തിൽ ദീപാവലി ആഘോഷം നടക്കുക. പരസ്പരം ചാണകം വാരിയെറിഞ്ഞും ചാണകത്തിൽ കുളിച്ചുമാണ് ഇവിടെ ആഘോഷം. കർണാടകയുടെയും തമിഴ്‌നാടിന്‍റെയും അതിർത്തി ഗ്രാമമായ ഗുമതപുരത്താണ് വ്യത്യസ്ത ആചാരത്തോടെ ദീപാവലി സമാപനം കൊണ്ടാടുന്നത്. 'ഗോരെഹബ്ബ' എന്നാണ് ഈ പ്രാദേശിക ആചാരം അറിയപ്പെടുന്നത്.
സ്പെയിനിലെ 'ലാ ടെമാറ്റിന' ആഘോഷത്തിന്‍റെ ഇന്ത്യൻ വെർഷനാണ് ഗോരെഹബ്ബ എന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. തക്കാളി സീസണിൽ ഒരു പ്രദേശത്ത് ജനങ്ങൾ ഒത്തുകൂടി പരസ്പരം തക്കാളി വലിച്ചെറിഞ്ഞ് തക്കാളിക്കുളി കുളിക്കുന്നതാണ് 'ലാ ടെമാറ്റിന'. എന്നാൽ, ഗോരെഹബ്ബ ചാണകത്തിലാണെന്ന് മാത്രം.
ഗ്രാമത്തിലെ പശുവുള്ള വീടുകളിൽ നിന്നും ശേഖരിക്കുന്ന ചാണകം തുറസായ ഒരു പ്രദേശത്ത് കൂട്ടിയിടും. ദീപാവലി സമാപന ദിവസം ആൺകുട്ടികളും പുരുഷൻമാരും ഇവിടെ ഒത്തുകൂടിയാണ് ഗോരെഹബ്ബയിൽ പങ്കെടുക്കുന്നത്. പരസ്പരം ചാണകം വാരിയെറിയും. ഒടുവിൽ ചാണകത്തിൽ കുളിച്ചു മടക്കം. അയൽ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇത് കാണാനും പങ്കെടുക്കാനുമായി ഇവിടേക്ക് എത്തുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.
ആചാരം എന്നതിലുപരിയായി ചാണകം വാരിയെറിയുന്നതിന് പിന്നിൽ ചില വിശ്വാസങ്ങളും ഇവർക്കുണ്ട്. പശു വിസർജ്യത്തിൽനിന്നാണ് തങ്ങളുടെ ദൈവമായ ബീരേശ്വര സ്വാമി ജനിച്ചതെന്ന് ഗ്രാമവാസികൾ വിശ്വസിച്ചുപോരുന്നു. മാറാവ്യാധികൾ ചാണകം എറിയുന്നതോടെ മാറിക്കിട്ടുമെന്നും ഇവർ പറയുന്നു.
നിങ്ങൾക്ക് എന്ത് അസുഖം ഉണ്ടെങ്കിലും ഗോരെഹബ്ബയിൽ പങ്കെടുത്താൽ അത് മാറിക്കിട്ടുമെന്ന് പ്രദേശവാസിയും കർഷകനുമായ മഹേഷ് പറയുന്നു. പകർച്ച വ്യാധികൾക്കും തൊലിപ്പുറമെയുള്ള അസുഖങ്ങൾക്കും മികച്ച ഔഷധമാണ് ചാണകക്കുളിയെന്ന് അധ്യാപകനായ ശംഭു ലിംഗപ്പ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.