സന്തോഷ പട്ടികയിൽ ഇന്ത്യ 136, വിശപ്പിൽ 101; വെറുപ്പിൽ ഒന്നാമതെത്തും -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ സന്തോഷത്തിന്റെ പട്ടികയിൽ ഇന്ത്യ 136-ാം സ്ഥാനത്തായതിന് പിന്നാലെ, വെറുപ്പിന്റെ പട്ടികയിൽ ഒന്നാമതെത്തുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ 146 രാജ്യങ്ങളുടെ ഹാപ്പിനസ് റിപ്പോർട്ടിൽ അവസാന ഭാഗത്താണ് ഇന്ത്യ ഇടം പിടിച്ചത്.
രാഷ്ട്രങ്ങളുടെ മാനവിക വികസനത്തെ സൂചിപ്പിക്കുന്ന മറ്റു പട്ടികകളും ഇതോടൊപ്പം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡാണ് സന്തോഷത്തിന്റെ പട്ടികയിൽ ഒന്നാമതെത്തിയത്. 136ാം റാങ്കാണ് ഇന്ത്യക്ക് ലഭിച്ചത്. യുദ്ധം തകർത്തെറിഞ്ഞ അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ -146ാം സ്ഥാനം. ലെബനാനാണ് അഫ്ഗാന് തൊട്ടുമുന്നിലുള്ളത്.
'വിശപ്പിന്റെ പട്ടികയിൽ 101-ാം സ്ഥാനം, സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 119-ാം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയിൽ 136–ാം സ്ഥാനം. പക്ഷേ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തിയേക്കാം' -എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
ബംഗ്ലാദേശ് (94) പാകിസ്താൻ (121), ശ്രീലങ്ക (127), മ്യാൻമർ (126) എന്നിങ്ങനെയാണ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ സ്ഥാനം. ഇത് 10ാം തവണയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയിൽ മുന്നില്‍ നിൽക്കുന്നത്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐസ്ലന്ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതർലന്‍ഡ്‌സ്, ലക്സംബർഗ്, സ്വീഡൻ, നോർവേ, ഇസ്രയേൽ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.
അമേരിക്ക മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി. ബ്രിട്ടൻ 17ാം സ്ഥാനത്താണ്. ഫ്രാൻസ് 20-ാം സ്ഥാനത്തേക്ക് ഉയർന്നു. ആളുകളോട് അവരുടെ സന്തോഷത്തെ കുറിച്ചാണ് സര്‍വേയില്‍ ചോദിച്ചത്. രാജ്യത്തിന്റെ ജി.ഡി.പി, സാമൂഹിക പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നീ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ഹാപിനസ് റാങ്കിങ് നല്‍കിയിരിക്കുന്നത്.
സെർബിയ, ബൾഗേറിയ, റുമേനിയ എന്നീ രാജ്യങ്ങൾ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ ലെബനാൻ, വെനിസ്വേല, അഫ്ഗാൻ എന്നീ രാജ്യങ്ങൾ പിന്നാക്കം പോയി. യുദ്ധത്തിൽ തകർന്ന അഫ്ഗാനിൽ കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരമേറ്റ ശേഷം പ്രതിസന്ധി രൂക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.