യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രിക്ക് മമത റിപ്പോർട്ട് നൽകി, അവലോകന യോഗത്തിൽ പങ്കെടുത്തില്ല
text_fieldsകൊൽക്കത്ത: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തില്ല. അതേസമയം, നാശനഷ്ടങ്ങളുടെ റിപ്പോർട്ട് അവർ പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ കലൈകുന്ദ എയർ ബേസിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു കൂടിക്കാഴ്ച. ദുരിതാശ്വാസമായി 20,000 കോടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് അവർ മോദിക്ക് കൈമാറിയത്.
പ്രധാനമന്ത്രി യോഗം വിളിച്ചെങ്കിലും മുഖമന്ത്രിയുെട ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന് മമത പിന്നീട് പറഞ്ഞു. 'എനിക്ക് ദിഘയിൽ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ, കലൈകുന്ദയിൽ പോയി 20,000 കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നൽകി. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ദിഘയിലെ യോഗത്തിൽ പങ്കെടുക്കാനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അനുമതി വാങ്ങി അവിടേക്ക് പോവുകയായിരുന്നു' -മമത പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി പങ്കടുത്ത യോഗത്തിൽ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ സന്നിഹിതരായിരുന്നു. മമത ഭരണഘടനയെയും നിയമവാഴ്ചയെയും ലംഘിക്കുകയാണെന്ന് ഗവർണർ യോഗത്തിനുശേഷം കുറ്റപ്പെടുത്തി. മമതക്കായി ഗവർണർ 30 മിനിറ്റ് കാത്തുനിന്നതായും റിപ്പോർട്ടുണ്ട്.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മമത ബാനർജിയും മോദിയും കണ്ടുമുട്ടുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ ജനുവരി 23നാണ് അവർ അവസാനമായി മുഖാമുഖം കണ്ടത്. അന്ന് ബി.ജെ.പി പ്രവർത്തകരുടെ 'ജയ് ശ്രീ റാം' വിളികളെ തുടർന്ന് പ്രസംഗം തടസ്സപ്പെടുകയും അതിൽ പ്രകോപിതയായ മമത പരിപാടിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ബംഗാളിൽ ഒരു കോടി ആളുകളെയാണ് 'യാസ്' ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്നു ലക്ഷം വീടുകൾക്കെങ്കിലും കേടു പറ്റിയിട്ടുണ്ടെന്നും കൊടുങ്കാറ്റ് ഏറ്റവും അധികം ബാധിച്ച സംസ്ഥാനമായി ബംഗാൾ മാറിയെന്നും മമത പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.