ഹുർറിയത് എന്നും ചർച്ചക്കൊപ്പം -മിർവാഇസ്
text_fieldsശ്രീനഗർ: ജമ്മു -കശ്മീരിലെ ജനങ്ങളുടെ രാഷ്ട്രീയാഭിലാഷ പൂർത്തീകരണത്തിന് സാധ്യമായ ഏക മാർഗം ചർച്ചയാണെന്നാണ് ഹുർറിയത് കോൺഫറൻസ് എല്ലാക്കാലവും പറയുന്നതെന്ന് ചെയർമാൻ മിർവാഇസ് ഉമർ ഫാറൂഖ്. 2016ൽ കേന്ദ്ര സർക്കാർ തീവ്രവാദികളുമായി ചർച്ചക്ക് ശ്രമിച്ചിരുന്നെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വാക്കുകളോടുള്ള പ്രതികരണമെന്ന നിലക്കാണ് മിർവാഇസ് ഇക്കാര്യം അറിയിച്ചത്.
‘2016 സെപ്റ്റംബറിൽ ഞാൻ ജയിലിലായിരുന്നു. അന്ന് പി.ഡി.പി അധ്യക്ഷയെന്ന നിലയിൽ (മുഖ്യമന്ത്രി എന്ന പദവി ഉപയോഗിച്ചല്ല) മെഹബൂബ മുഫ്തി എന്നോട് പ്രതിപക്ഷ എം.പിമാരുടെ സംഘവുമായി സംസാരിക്കാൻ ആവശ്യപ്പെട്ടു.
അതിനുശേഷം എ.ഐ.എം.ഐ.എം തലവനായ അസദുദ്ദീൻ ഉവൈസി (ഇദ്ദേഹം എം.പിമാരുടെ സംഘാംഗം ആയിരുന്നു) എന്നെ കാണാൻ സബ് ജയിലിൽ എത്തി. ഉവൈസിയും പറഞ്ഞത് എം.പിമാരുടെ സംഘം നിങ്ങളെ കണ്ട് ചർച്ച നടത്താൻ താൽപര്യപ്പെടുന്നു എന്നാണ്. ആദ്യം സർക്കാർ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും വിവിധ ജയിലിലുകളിലും വീട്ടുതടങ്കലിലുമുള്ള നേതാക്കളെ പരസ്പരം കാണാൻ അനുവദിക്കണമെന്നും അവർ സംസാരിച്ച് തീരുമാനമെടുക്കട്ടെയെന്നും ഉവൈസിയോട് പറഞ്ഞു. ഇത് അംഗീകരിച്ചാണ് ഉവൈസി പോയത്.
പക്ഷേ, പിന്നീട് വിവരമൊന്നുമുണ്ടായില്ല’. -മിർവാഇസ് പ്രസ്താവനയിൽ പറഞ്ഞു. സർക്കാറിൽനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായി എന്നതിൽ തങ്ങൾക്കും അദ്ഭുതമുണ്ടായിരുന്നു. വാജ്പേയി, അദ്വാനി, മൻമോഹൻസിങ് തുടങ്ങിയവരുടെ കാലത്തെല്ലാം സാധ്യമായ എല്ലാ അവസരങ്ങളിലും കേന്ദ്ര സർക്കാറുമായി തങ്ങൾ ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.