ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നെന്ന്; ‘കൽക്കി’ നിർമാതാക്കൾക്കും അഭിനേതാക്കൾക്കും നോട്ടീസ്
text_fieldsന്യൂഡൽഹി: ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നെന്ന പരാതിയിൽ പ്രഭാസ് ചിത്രം ‘കൽക്കി’ക്ക് നോട്ടീസ്. കോൺഗ്രസ് മുൻ നേതാവ് ആചാര്യ പ്രമോദിന്റെ പരാതിയിലാണ് സിനിമ നിർമാതാക്കൾക്കും അഭിനേതാക്കൾക്കും നോട്ടീസ് ലഭിച്ചത്. വേദങ്ങളിലും മറ്റും പറയുന്ന കാര്യങ്ങൾക്ക് എതിരാണ് സിനിമയെന്നാണ് പരാതിയിൽ പറയുന്നത്.
‘വികാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും നാടാണ് ഇന്ത്യ. സനാതന ധർമത്തിന്റെ മൂല്യങ്ങളിൽ കൈകടത്താൻ പാടില്ല. സനാതന ഗ്രന്ഥങ്ങളിൽ മാറ്റം വരുത്താൻ പാടില്ല. കൽക്കി നാരായണൻ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. മഹാവിഷ്ണുവിന്റെ അവസാന അവതാരമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. എന്നാൽ, സിനിമ വേദങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് എതിരാണ്, മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ നിങ്ങൾക്ക് ഞങ്ങളുടെ വിശ്വാസവുമായി കളിക്കാമെന്നല്ല’ -സുപ്രീം കോടതി അഭിഭാഷകൻ ഉജ്വൽ ആനന്ദ് ശർമ മുഖേന ആചാര്യ പ്രമോദ് അയച്ച നോട്ടീസിൽ പറയുന്നു.
നാഗ് അശ്വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കൽക്കി 2898 എ.ഡി’ തിയറ്ററുകളിൽ 25 ദിവസം പിന്നിട്ടിരിക്കുകയാണ്. വൈജയന്തി ഫിലിംസ് 600 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയത്. ഇതിനകം 975 കോടിയിലധികമാണ് ആഗോള ബോക്സ് ഓഫിസിൽനിന്ന് ചിത്രം വാരിയത്. ഇന്ത്യയിൽനിന്ന് മാത്രം 600 കോടി സ്വന്തമാക്കി. പ്രഭാസ്, അമിതാബ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.