മലയാളി മാധ്യമപ്രവർത്തകയുടെ മരണം: ഭർത്താവിന് മുൻകൂർ ജാമ്യമില്ല
text_fieldsബംഗളൂരു: മലയാളി മാധ്യമപ്രവർത്തകയും കർണാടക സ്വദേശിയുമായ എൻ. ശ്രുതിയെ (37) ബംഗളൂരുവിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ഭർത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കൊയാട് കോറോത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി തള്ളി.
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിൽ പത്രപ്രവർത്തകയായ ശ്രുതിയെ കഴിഞ്ഞ മാർച്ച് 21നാണ് ബംഗളൂരു വൈറ്റ്ഫീൽഡ് നെല്ലൂറഹള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ.ടി ജീവനക്കാരനായ ഭർത്താവിന്റെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് ശ്രുതിയുടെ കുടുംബം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
അനീഷിന്റെ പിതാവിനും സഹോദരനും ഹൈകോടതി നേരത്തേ മുൻകൂർ ജാമ്യം നൽകിയിരുന്നു. അഭിഭാഷകനായ എസ്. രാജശേഖർ മുഖേന അനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈകോടതി കഴിഞ്ഞദിവസം തള്ളിയത്. ജാമ്യം നൽകുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.
ശ്രുതിയുടെ സഹോദരൻ നിഷാന്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തി അനീഷിനെതിരെ കേസ് എടുത്തെങ്കിലും രണ്ടുമാസം പിന്നിട്ടിട്ടും അനീഷിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് സഹോദരൻ കർണാടക സർക്കാറിനും വനിത കമീഷനും പരാതി നൽകിയിരുന്നു. അനീഷിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.