വി.സി. സജ്ജനാർക്കു കീഴിൽ പ്രതികൾ വെടിയേറ്റ് മരിക്കുന്നത് രണ്ടാം തവണ
text_fieldsഹൈദരാബാദ്: വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീവെച്ച് കൊന്ന കേസിലെ നാലു പ്രതികളെയും തെലങ്കാന പൊലീസ് വെടിവെച്ച് കൊന്ന സംഭവം ചർച്ചയാകുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് ഹൈദരാബാദ് പൊലീസ് കമീഷ്ണറായ വി.സി. സജ്ജനാർ ആണ്. സമാന സംഭവം 2008 ഡിസംബറിൽ വാറങ്കലിലും നടന്നിരുന്നു.
സ്കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്ന രണ്ടു പെൺകുട്ടികൾക്കു നേരെ മൂന്ന് യുവാക്കൾ ആസിഡ് ഒഴിക്കുകയായിരുന്നു. അന്ന് വൈ.എസ്. രാജശേഖര റെഡ്ഡി ഭരണത്തിനു കീഴിൽ വാറങ്കലിലെ സൂപ്രണ്ട് ആയിരുന്നു സജ്ജനാർ.
മുഖ്യപ്രതി പെൺകുട്ടികളിലൊരാളോട് പ്രണയാഭ്യാർഥന നടത്തിയെങ്കിലും നിരസിച്ചിരുന്നു. പക തീർക്കാൻ സുഹൃത്തുക്കളെയും കൂട്ടിയെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. പെൺകുട്ടികളിലൊരാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മറ്റൊരു പെൺകുട്ടി ദീർഘ കാലത്തെ ചികിത്സക്കു ശേഷം സുഖം പ്രാപിച്ചു.
പിന്നീട് നടന്നതെല്ലാം രണ്ടാഴ്ച മുമ്പ് ഹൈദരാബാദിൽ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ അന്ന് വലിയ ജനരോഷമുയർന്നിരുന്നു. പൊലീസ് പ്രതികളെ പിടികൂടുകയും മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കുകയും ചെയ്തു. മൂന്നു പേരും കുറ്റം സമ്മതിച്ചു. പിന്നീട് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ കൊല്ലപ്പെടുകയായിരുന്നു.
പ്രതികൾ പൊലീസിനെ ആക്രമിക്കുകയും സ്വയരക്ഷക്ക് നടത്തിയ വെടിവെപ്പിൽ മൂവരും കൊല്ലപ്പെടുകയായിരുന്നു എന്നാണ് അന്നും പൊലീസ് സ്വീകരിച്ച നിലപാട്. നിരവധി പ്രമുഖരും ആക്ടിവിസ്റ്റുകളും പൊലീസിനെ അനുകൂലിച്ചും വിമർശിച്ചും 2008ലും രംഗത്തെത്തിയിരുന്നു. ഇന്നത്തെ സംഭവത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഹീറോ പരിവേഷമാണ് സജ്ജനാർക്കും തെലങ്കാന പൊലീസിനും ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.