ഒരു വൃക്കക്ക് ആറ് കോടി രൂപ നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയിൽനിന്ന് വ്യാജ അവയവദാന സംഘം തട്ടിയത് 16 ലക്ഷം
text_fieldsഹൈദരാബാദ്: ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 16 വയസുകാരിയിൽനിന്ന് നഗരത്തിലെ വ്യാജ അവയവദാന സംഘം തട്ടിയെടുത്തത് 16.48 ലക്ഷം രൂപ. ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് തട്ടിപ്പ് നടന്നത്. പെൺകുട്ടിയുടെ വൃക്ക വിൽക്കാൻ തയ്യാറായാൽ ആറ് കോടി രൂപ വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പെൺകുട്ടി തന്റെ പിതാവിന്റെ അക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ ആരുമറിയാതെ തട്ടിയെടുത്ത് വിനിയോഗിച്ചു. ശേഷം അച്ഛനറിയാതെ തന്നെ പൈസ കണ്ടെത്തി അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള ശ്രമം ആരംഭിച്ചു.
കാശിനായി പെൺകുട്ടി അവളുടെ വൃക്ക വിൽക്കാൻ തീരുമാനിച്ചു. ഇതിനായി 10000 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി ഒരു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. അവർ പെൺകുട്ടിയെ വൃക്ക വ്യാപാരത്തിനായി തെരഞ്ഞെടുത്തതായി അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ വൃക്കക്ക് ആറ് കോടി രൂപ വാഗ്ദാനം ചെയ്തു. മൂന്ന് കോടി രൂപ പെൺകുട്ടി നൽകിയ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും ബാക്കി മൂന്ന് കോടി രൂപ നൽകണമെങ്കിൽ 16 ലക്ഷം രൂപ നൽകണമെന്നും അറിയിച്ചു. തുടർന്ന് പെൺകുട്ടി പിതാവിന്റെ അക്കൗണ്ടിൽനിന്ന് 16 ലക്ഷം രൂപ തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ടിലേക്ക് അയച്ചു.
ബാക്കി തുക കൈപ്പറ്റാൻ ഡൽഹിയിൽ വരണമെന്നും സംഘം ആവശ്യപ്പെട്ടു. അക്കൗണ്ടിൽനിന്ന് വൻതുക നഷ്ടമായത് അറിഞ്ഞ പിതാവ് പെൺകുട്ടിയെ ചോദ്യം ചെയ്തതിൽനിന്നാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗുണ്ടൂരിൽ പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.