ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് അസം മുഖ്യമന്ത്രി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തി 30 മിനിട്ടിനുള്ളിൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രസ്താവന.
മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി മുതിർന്ന ബി.ജെ.പി നേതാക്കൾ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ ഹൈദരാബാദിനടുത്തുള്ള ഷംഷാബാദിൽ 11-ാം നൂറ്റാണ്ടിലെ സന്യാസി രാമാനുജാചാര്യനായി 216 അടി പ്രതിമ ഉദ്ഘാടനം ചെയ്തപ്പോൾ പ്രധാനമന്ത്രി ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ചു.
മൂന്ന് വർഷം മുമ്പ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയം ഉന്നയിച്ചിരുന്നു. ചാർമിനാറിന്റെ തെക്കുകിഴക്കൻ മിനാരത്തോട് ചേർന്നുള്ള ചെറിയ ദേവാലയമായ ശ്രീ ഭാഗ്യലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഭാഗ്യനഗർ എന്ന പേര് ഉയർന്നു വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ബി.ജെ.പി നേതാക്കളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടുന്നു.
1591-ൽ സുൽത്താൻ മുഹമ്മദ് ഖുലി ഖുതുബ് ഷായാണ് ചാർമിനാർ നിർമിച്ചത്. എന്നാൽ 1948-ൽ ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേർന്നതിന് ശേഷമാണ് ക്ഷേത്രം ഉയർന്നുവന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2021ൽ വ്യക്തമാക്കിയട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.