നായയെ പേടിച്ച് മൂന്നാം നിലയിൽ നിന്ന് ചാടി, ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയിൽ
text_fieldsഹൈദരാബാദ്: നായ കടിക്കുമെന്ന് ഭയന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയിൽ. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലുള്ള ശ്രീനിധി അപ്പാർട്ട്മെന്റിലാണ് സംഭവം. ഓൺലൈൻ ഡെലിവറി എകസിക്യൂട്ടീവ് ആയ 30 കാരൻ ഇല്യാസ് ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
അപ്പാർട്ട്മെന്റിലെ വീട്ടിൽ ഓൺലൈനായി വാങ്ങിയ ഉത്പന്നം എത്തിക്കാനായി വന്നതാണ് യുവാവ്. മൂന്നാം നിലയിലുള്ള വീട്ടിലെത്തിയപ്പോൾ ആദ്യം സ്വീകരിക്കാനെത്തിയത് വീട്ടിൽ വളർത്തുന്ന ഡോബർമാൻ ഇനത്തിൽ പെട്ട നായയാണ്.
നായ ഇയാളെ കണ്ടതോടെ കുരക്കാൻ തുടങ്ങി. ഭയന്ന ഇല്യാസ് നായയിൽ നിന്ന് രക്ഷപ്പെടാൻ പാരപ്പെറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി ഉത്പന്നം ഓർഡർ ചെയ്ത ആളും മറ്റ് താമസക്കാരും എത്തിയെങ്കിലും ഇയാൾ അവരുടെ പിടിയിൽ നിന്ന് വഴുതി താഴേക്ക് തന്നെ വീണു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റായ്ദുർഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഡെലിവറി എക്സിക്യൂട്ടീവിന്റെ ചികിത്സാചെലവ് പൂർണമായും നായയുടെ ഉടമ നിർവ്വഹിക്കണമെന്ന് തെലങ്കാന ഗിഗ് ആന്റ് പ്ലാറ്റ്ഫോംവർക്കേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.
നേരത്തെയും സമാന സംഭവം അരങ്ങേറുകയും അന്ന് നായയെ ഭയന്ന് മറ്റൊരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ 23 കാരനായ ഡെലിവറി ബോയ് മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.