ഹൈദരാബാദ് കൂട്ട ബലാത്സംഗം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം; പീഡനത്തിന് ഉപയോഗിച്ച കാർ കണ്ടെത്തി
text_fieldsഹൈദരാബാദ്: നഗരത്തിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് കാർ കണ്ടെത്താൻ പൊലീസിന് സാധിച്ചത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ഉപയോഗിച്ച വെള്ള ഇന്നോവ കറാണ് ഒരു ഫാം ഹൗസിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിന് ശേഷം കാർ കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ഹൈദരാബാദിലെ പ്രാന്ത പ്രശേദത്തുള്ള മൊയിനാബാദിലെ ഫാം ഹൗസിലായിരുന്നു കാർ ഉണ്ടായിരുന്നത്. കാർ ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്.
കേസിൽ രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശം നൽകിയതിന് പിന്നാലെയാണ് കാർ കണ്ടെത്തിയത്.
അതേസമയം, ഇത് ഔദ്യോഗിക വാഹനമാണെന്നും ഒരു രാഷ്ട്രീയ നേതാവിന് അടുത്തിടെ നൽകിയതാണെന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.
കേസിലെ അഞ്ചു പ്രതികളിൽ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) പ്രാദേശിക നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകനടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് കരുതുന്നത്.
കേസിലെ അഞ്ച് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഭാഗത്തു നിന്ന് പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് പെൺകുട്ടിയെ സംഘം ആക്രമണത്തിന് ഇരയാക്കിയത്.
പെൺകുട്ടി അക്രമികൾക്കൊപ്പം നിൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് നിർത്തിയിട്ട കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. അതിനുശേഷം ഊഴമിട്ട് പീഡിപ്പിക്കുകയും ഈ സമയത്ത് മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.
ഇരയിൽ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഒരു പേര് മാത്രമാണ് പെൺകുട്ടി പറഞ്ഞത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് ഓഫീസർ ജോയൽ ഡേവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.