ഹൈദരാബാദ് കൂട്ട ബലാത്സംഗം: പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരായി കണ്ട് വിചാരണ ചെയ്യും
text_fieldsഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിൽ പ്രതികളായ 18 വയസിനു താഴെയുള്ള അഞ്ച് പ്രതികളെ മുതിർന്നവരായി കണ്ട് വിചാരണ ചെയ്യാൻ പൊലീസ് നീക്കം. കേസിൽ പ്രതികളെ കുട്ടികളായി കണ്ട് ശിക്ഷ കുറയാതിരിക്കാനാണ് മുതിർന്നവരായി കണ്ട് വിചാരണ നടത്താൻ പൊലീസ് ശ്രമിക്കുന്നത്.
2015 ലെ ജുവനൈൽ ജസ്റ്റിസ് നിയമ ഭേദഗതി പ്രകാരം 16-18 വയസിനിടയിലുള്ളവർ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കുറഞ്ഞത് ഏഴ് വർഷം ജയിൽ ശിക്ഷ ലഭ്യമാക്കാം എന്നാണ് നിയമം പറയുന്നത്. അതുപ്രകാരം പ്രതികൾക്ക് കൂടിയ ശിക്ഷ ലഭ്യമാക്കാൻ കോടതിയിൽ ആവശ്യപ്പെടും . ഇല്ലെങ്കിൽ മൂന്നു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കില്ല.
ഈ കേസിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും 16 -18 വയസിന് ഇടയിലുള്ളവരാണ്. പ്രതികളുടെ മാനസിക -ശാരീരിക ആരോഗ്യം, അനന്തരഫലം തിരിച്ചറിയാനുള്ള കഴിവ്, കുറ്റകൃത്യത്തിന് വഴിവെച്ച സാഹചര്യം എന്നിവ പരിശോധിച്ചാണ് 16 വയസിന് മുകളിലുള്ള കുട്ടികളെ മുതിർന്നവരായി കണക്കാക്കാമോ എന്ന കാര്യം കോടതി തീരുമാനിക്കുക.
എ.ഐ.എം.ഐ.എം എം.എൽ.എയുടെ മകൻ, സർക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയർമാന്റെ മകൻ, ടി.ആർ.എസ് നേതാവിന്റെ മകൻ, ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിലെ സഹകാരിയുടെ മകൻ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.
അഞ്ചുപേർക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപാകൽ, ഉപദ്രവിക്കൽ എന്നിവ കൂടാതെ, പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ കുറ്റങ്ങൾക്ക് വധശിക്ഷ, ജീവപര്യന്തം അല്ലെങ്കിൽ 20 വർഷം തടവാണ് കൂടിയ ശിക്ഷ. എം.എൽ.എയുടെ മകനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ഉപദ്രവിക്കൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
മേയ് 28നാണ് ഹൈദരാബാദിലെ പബ്ബിൽ പാർട്ടിക്ക് പോയ കൗമാരക്കാരിയായ പെൺകുട്ടിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.