ഹൈദരാബാദ് കൂട്ട ബലാത്സംഗം: കാറിൽനിന്ന് തെളിവുകൾ ലഭിച്ചെന്ന് പൊലീസ്
text_fieldsഹൈദരാബാദ്: നഗരത്തിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ ഉപയോഗിച്ച കാറിൽ നിന്നും യഥേഷ്ടം തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ ഹൈദരാബാദിലെ പ്രാന്ത പ്രദേശത്തുള്ള മൊയിനാബാദിലെ ഫാം ഹൗസിൽ നിന്ന് ഞായറാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്.
കാർ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാൽ ഫൊറൻസിക് സംഘത്തിന് കാറിൽ നിന്ന് ലൈംഗിക പീഡനം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ടിഷ്യു, പീഡനത്തിനിരയായ പെൺകുട്ടിയുടെ കമ്മലുകളിൽ ഒന്ന് തുടങ്ങിയവ തെളിവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്.
മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസ് പബിൽ നിന്ന് പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് പെൺകുട്ടിയെ സംഘം ആക്രമണത്തിന് ഇരയാക്കിയത്. സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ആഘോഷത്തിന് വേണ്ടി അക്രമികളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളാണ് പബ് ബുക്ക് ചെയ്തത്. ഓരോരുത്തർക്കും 900 മുതൽ 1000 രൂപ വരെയുള്ള സ്ഥലമാണ് പബിൽ ബുക്ക് ചെയ്തത്. എന്നാൽ ഇതിന് പാർട്ടിക്ക് വന്നവരിൽ നിന്ന് 1300 രൂപ ഇവർ ഈടാക്കിയെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടിയും സുഹൃത്തും ഈ പാർട്ടിക്കാണ് വന്നത്. സുഹൃത്ത് നേരത്തെ മടങ്ങി. പെൺകുട്ടി വീട്ടിലേക്ക് പോകാനിരുന്നപ്പോഴാണ് അക്രമികളെ കാണുന്നതും അവർ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതും. നിർത്തിയിട്ട കാറിൽ കയറിയ പെൺകുട്ടിയെ അക്രമികൾ ഊഴമിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിന്നു.
സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുമ്പാകെ പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. കേസിൽ സദദുദ്ദീൻ മാലിക്ക് അടക്കം നാലു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഒമിർ ഖാൻ എന്നയാളെ പൊലീസ് തിരയുന്നു.
പ്രതികളായ മൂന്ന് കുട്ടികളിൽ ഒരാൾ സർക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയർമാന്റെ മകനാണ്. രണ്ടാമത്തെത് ടി.ആർ.എസ് നേതാവിന്റെ മകനും മൂന്നാമത്തെത് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ സഹകാരിയുടെ മകനുമാണ്. അതേസമയം, പബ് ബുക്ക് ചെയ്തതിൽ തന്റെ ചെറുമകന് പങ്കുണ്ടെന്ന വാർത്ത സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി നിഷേധിച്ചു. സംഭവം നടന്ന സമയം തന്റെ ചെറുമകൻ വീട്ടിലുണ്ടെന്നതിന് സി.സി.ടി.വി തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കുട്ടികൾ ഉൾപ്പെട്ട കേസിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആവശ്യപ്പെട്ടതോടെയാണ് കേസിന് ജീവൻ വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.