കൂട്ട ബലാത്സംഗ കേസിൽ മകൻ പ്രതി; തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ പുറത്തേക്ക്
text_fieldsഹൈദരാബാദ്: പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മകൻ പ്രതിയായതോടെ ഭരണകക്ഷിയായ ടി.ആർ.എസ് നേതാവും തെലങ്കാന വഖഫ് ബോർഡ് ചെയർമാനുമായ സമീഉല്ല ഖാനോട് സംസ്ഥാന സർക്കാർ രാജിവെക്കാൻ നിർദേശിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ബലാത്സംഗം നടന്നത്. കേസിൽ ആറുപേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ അഞ്ചുപേർ പ്രായപൂർത്തിയാവാത്തവരാണ്. പ്രതികളിൽ എം.എൽ.എയുടെ മകനുമുണ്ട്. സമീഉല്ല ഖാൻ ഔദ്യോഗിക ആവശ്യത്തിന് വാടകക്കെടുത്ത കാറിലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കാറിന്റെ ഉടമയുടെ മകനും കേസിൽ പ്രതിയാണ്. 17കാരിയെ ബലാത്സംഗം ചെയ്തതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വഖഫ് ബോർഡ് ചെയർമാൻ രാജിവെക്കണമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് കർശന നിർദേശം നൽകിയത്.
കഴിഞ്ഞ മാസമാണ് സമീഉല്ല ഖാൻ വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്. സംഭവം ഉയർത്തിക്കാട്ടി പ്രതിപക്ഷം സർക്കാറിനെതിരെ തിരിയുന്നത് ഭരണകക്ഷിയെ അലോസരപ്പെടുത്തിയിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അഞ്ചു പ്രതികൾക്കും പ്രായപൂർത്തിയായതായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് പൊലീസ് സംസ്ഥാന ജുവനൈൽ ബോർഡിന് അപേക്ഷ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.