കർണാടകയിലെ ആൾക്കൂട്ട ആക്രമണത്തെ ന്യായീകരിച്ച് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കർണാടകയിലെ ബീദർ ജില്ലയിലെ മുർക്കിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച് ആൾക്കൂട്ടത്തിെൻറ ആക്രമണത്തിനിരയായി ഹൈദരാബാദ് സ്വദേശി ഗൂഗിൾ കമ്പനിയിലെ സോഫ്റ്റ്വെയർ എൻജിനീയർ മുഹമ്മദ് അസം (28) കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി. എം.എൽ.എ. കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെതുടർന്ന് ഗുരുതരമായി പരിക്കേറ്റാണ് യുവാവ് മരിച്ചതെന്നും ആൾക്കൂട്ടത്തിെൻറ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും ഒൗരാദിലെ ബി.ജെ.പി എം.എൽ.എ പ്രഭു ചവാൻ പറഞ്ഞു.
ഹൈദരാബാദിൽനിന്നും വന്ന നാലുപേരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന കാര്യത്തിൽ തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കാർ നിർത്തി അവർ എന്തിനാണ് കുട്ടികൾക്ക് മിഠായി നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഗ്രാമത്തിലുള്ളവരുമായി താൻ സംസാരിച്ചെന്നും മിഠായി നൽകി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരാണെന്നാണ് ഗ്രാമീണർ പറഞ്ഞതെന്നും എം.എൽ.എ വ്യക്തമാക്കി. എം.എൽ.എ പറഞ്ഞ കാര്യം തന്നെ ബീദർ പൊലീസ് സൂപ്രണ്ടും ആവർത്തിച്ചു.
അതേസമയം, ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഖത്തർ പൗരൻ സൽഹാം ഖുബൈസിയുടെ നിലമെച്ചപ്പെട്ടതായി ഡൽഹിയിലെ ഖത്തർ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഖത്തർ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഖുബൈസി. ഹൈദരാബാദ് സന്ദർശനത്തിനിടെയാണ് സുഹൃത്തുക്കളായ സൽഹാം ഖുബൈസി, മുഹമ്മദ് അസം, നൂർ മുഹമ്മദ്, മുഹമ്മദ് സൽമാൻ എന്നിവർ ബീദർ ഹന്ദികേരിയിലെ സുഹൃത്തായ മുഹമ്മദ് ബാഷീറിെൻറ വീട്ടിലേക്ക് വരുന്നത്.
സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ ഹന്ദികേരിയിലെ ബാൽകുടിൽ വാഹനം നിർത്തുകയായിരുന്നു. ഈ സമയത്ത് ഖത്തറിൽനിന്നും കൊണ്ടുവന്ന മിഠായികൾ സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് കരുതിയാണ് തന്നെയും കൂടെയുണ്ടായിരുന്നവരെയും ആക്രമിച്ചതെന്നും സൽഹം ഖുബൈസി ഖത്തർ എംബസി അധികൃതരോട് വ്യക്തമാക്കി. താൻ കുട്ടികൾക്ക് മധുരം നൽകുക മാത്രമാണ് ചെയ്തതെന്ന് ആൾക്കൂട്ടത്തോട് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രകോപിതരായ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവർ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ മരത്തടിയിട്ട് തടയുകയായിരുന്നു. തുടർന്ന് വാഹനം മറിയുകയും ആൾക്കൂട്ടം ആക്രമിക്കുകയുമായിരുന്നു. 1500ലധികം വരുന്ന സംഘമാണ് റോഡിൽ തടിച്ചുകൂടിയിരുന്നത്. പൊലീസ് എത്തുമ്പോഴേക്കും അസം മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.