എസ്.ഐ ആയില്ലെങ്കിലെന്താ, ഐ.പി.എസുകാരനായില്ലെ
text_fieldsഹൈദരാബാദ്: മൂന്നു വർഷം മുമ്പ് എസ്.ഐ തെരഞ്ഞെടുപ്പിനുള്ള കായികക്ഷമത പരീക്ഷയിൽ 800 മീറ്റർ ഓട്ടത്തിൽ ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സിരിസെട്ടി സംഗീർത്ത് പരാജയപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന സ്വപ്നമാണ് അന്ന് പൊലിഞ്ഞത്.
ഈ വെള്ളിയാഴ്ച ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിൽ നടക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പാസ്സിങ് ഔട്ട് പരേഡിൽ 132 പേരിൽ ഒരാളായി സംഗീർത്തും ഉണ്ടാകും. എസ്.ഐ സ്വപ്നം പൊലിഞ്ഞെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് ഈ 27കാരൻ ഐ.പി.എസ് നേടിയത്. തെലങ്കാനയിലെ ബെല്ലംപള്ളിയിൽ ഇലക്ട്രീഷ്യന്‍റെ മകനായി സാധാരണ കുടുംബത്തിൽ ജനിച്ച സംഗീർത്ത് സംസ്ഥാന പൊലീസിന്‍റെ എസ്.ഐ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമത പരീക്ഷയിൽ തോൽക്കുകയായിരുന്നു.
800 മീറ്റർ ഓട്ടം 160 സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്നെങ്കിലും താൻ സെക്കൻഡുകൾക്ക് പരാജയപ്പെട്ടെന്ന് സംഗീർത്ത് പറഞ്ഞു. പരാജയത്തിൽ തളർന്നിരിക്കാതെ, കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങി. കാര്യമായ വരുമാനം ഇല്ലാതിരുന്ന കുടുംബത്തെ സഹായിക്കാനായി ജലവൈദ്യുത പദ്ധതിയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറായും ജോലി നോക്കി.
രാവിലെ 7.30ന് സ്ഥിരമായി ഓഫിസിലെത്തിയിരുന്നു സംഗീർത്ത് ജോലിക്കിടയിലാണ് യു.പി.എസ്.സി പരീക്ഷക്ക് പഠിക്കാനായി സമയം കണ്ടെത്തിയിരുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷ പാസ്സാകുന്നത് ഏറെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്തിരിയാൻ ഒരുക്കമല്ലായിരുന്നു. ഒടുവിൽ മൂന്നാമത്തെ ശ്രമത്തിലാണ് യു.പി.എസ്.സി യോഗ്യത നേടിയത്.
നാഷനൽ അക്കാദമിയിലെ പരീശീലനം നല്ല നിലയിൽ പൂർത്തിയാക്കിയ, സംഗീർത്ത് ഏതാനും മെഡലുകളും സ്വന്തമാക്കി. ഒസ്മാനിയ യൂനിവേഴ്സിറ്റിയിൽനിന്ന് സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. തെലങ്കാന കേഡറിലാണ് ജോലിക്ക് കയറുന്നത്. തന്നെ ഒരു ഐ.പി.എസ് ഓഫിസറായി കാണുകയെന്നത് പിതാവിന്‍റെ സ്വപ്നമായിരുന്നുവെന്ന് സംഗീർത്ത് പറഞ്ഞു. പാസ്സിങ് ഔട്ട് പരേഡിനു പിന്നാലെ വിദഗ്ധ പരിശീലനത്തിനായി ഫ്രാൻസിലേക്ക് പറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.