ഞങ്ങള്‍ വെറും ബാങ്ക് കൊള്ളക്കാർ, മോദിയും കൂട്ടരും രാജ്യംതന്നെ കൊള്ളയടിക്കുന്നു; ഹൈദരാബാദിൽ മണിഹീസ്റ്റ് തരംഗം
text_fieldsഹൈദരാബാദ്: ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്ന ഹൈദരാബാദില്‍ വ്യത്യസ്തമായൊരു പ്രതിഷേധം അരങ്ങേറുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലെ ജനപ്രിയ പരമ്പരയായ മണിഹീസ്റ്റിലെ കൊള്ളക്കാരുടെ പേരിലാണ് പ്രതിഷേധം നടക്കുന്നത്.
മണി ഹീസ്റ്റ് സീരീസിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചവർ തെരുവിൽ പ്ലക്കാർഡുകളുമായി നിൽക്കുന്നതാണ് പ്രതിഷേധത്തിന്റെ ഒരു രീതി. 'ഞങ്ങൾ ബാങ്ക് മാത്രമാണ് കൊള്ളയടിക്കുന്നത്, മോദിയും കൂട്ടരും ഒരു രാജ്യംതന്നെ കൊള്ളയടിക്കുന്നു' എന്നാണ് പ്ലക്കാർഡിൽ കുറിച്ചിരിക്കുന്നത്. 'ബൈ ബൈ മോദി' എന്ന ഹാഷ്ടാഗും ഇവർ ഉപയോഗിച്ചിട്ടുണ്ട്. വലിയ ബാനറുകളായും ഹോൾഡിങ്ങുകളായും ഇതേ ചിത്രങ്ങള്‍ ഹൈദരാബാദില്‍ പലയിടത്തും കാണാം.
സംസ്ഥാന സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നുണ്ട്. ഭരണകക്ഷികളുടെ എം.എല്‍.എമാരെ സ്വാധീനിച്ച് ബി.ജെ.പി ഭരണം അട്ടിമറിച്ച സംസ്ഥാനങ്ങളുടെ പട്ടികയും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആരംഭിച്ചത്. ബി.ജെ.പിയുടെ എല്ലാ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗം ആരംഭിച്ചതുമുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മണിഹീസ്റ്റ് കഥാപാത്രങ്ങളുടെ വസ്ത്രം ധരിച്ച മനുഷ്യരെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ബാങ്കുകളുടെ മുന്നിലാണ് പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി നിൽക്കുന്നത്.
മണിഹീസ്റ്റ് മോഡൽ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ഉൾപ്പടെ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. മുഖംമൂടി ധരിച്ച ബാങ്ക് കൊള്ളക്കാരുടെ കഥയാണ് മണിഹീസ്റ്റ്. പ്രഫസർ എന്ന് വിളിക്കുന്നയാളുടെ നേതൃത്വത്തിലാണ് ഇവർ ബാങ്ക് കൊള്ള നടത്തുന്നത്. വിവിധ നഗരങ്ങളുടെ പേരിലാണ് പരമ്പരയിലെ കഥാപാത്രങ്ങൾ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.