തോക്ക് തട്ടിയെടുത്ത് ആക്രമിച്ചു; തിരിച്ചുവെടിവെച്ചു –പൊലീസ് മേധാവി
text_fieldsഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ തോക്കുകൾ തട്ടിയെടുത്ത് ആക്രമിച്ചപ്പോൾ തിരിച്ചുവെടിവെക്കുകയായിരുന്നുവെന്ന് സൈബറാബാദ് പൊലീസ് കമീഷണർ സി.വി. സജ്ജനാർ. പ്രതികളിലൊരാളായ മുഹമ്മദ് ആരിഫാണ് ആദ്യം വെടിവെച്ചത്. മറ്റൊരു പ്രതി കേശവുലു തുടർന്ന് ആക്രമിച്ചു. ഇരുവരും പൊലീസിെൻറ തോക്കുകൾ തട്ടിയെടുത്ത് ആക്രമിക്കുകയായിരുന്നു.
നാലു പ്രതികളും ഒന്നിച്ചുചേർന്ന് കല്ല്, വടി, മറ്റു സാധനങ്ങൾ എന്നിവകൊണ്ടെല്ലാം ആക്രമിച്ചു. പ്രതികൾ വെടിവെച്ചപ്പോഴും പൊലീസ് ആദ്യം സംയമനം പാലിച്ചു. കീഴടങ്ങാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചു. കൊല്ലപ്പെട്ട നാലുപേരുടെ ശരീരത്തിലും വെടിയേറ്റിട്ടുണ്ട്. പ്രതികളുടെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും തലക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. പൊലീസുകാരിൽ ആർക്കും വെടിയേറ്റിട്ടില്ലെന്നും സി.വി. സജ്ജനാർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 5.45നും 6.15നും ഇടയിലാണ് സംഭവം. പ്രതികളെ ചോദ്യംചെയ്യുകയും ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ചെയ്ത് തെളിവുകൾ ശേഖരിച്ചിരുന്നു. കുറ്റസമ്മതത്തിെൻറ അടിസ്ഥാനത്തിലാണ് മൊബൈൽ ഫോൺ, പവർബാങ്ക്, വാച്ച് തുടങ്ങിയവ ശേഖരിക്കാനായി കുറ്റകൃത്യം നടത്തിയ സ്ഥലത്ത് പ്രതികളെയും കൊണ്ടുപോയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ നാലു ദിവസങ്ങളിൽ, ഇരയാക്കപ്പെട്ട ഡോക്ടറുടെയും പ്രതികളുടെയും ഡി.എൻ.എ ശേഖരിക്കൽ അടക്കം നടത്തിയിരുന്നു. 10 സംഘങ്ങളെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
ദേശീയ മനുഷ്യാവകാശ കമീഷനും സർക്കാറിനും റിപ്പോർട്ട് നൽകും. മനുഷ്യാവകാശ കമീഷെൻറ നോട്ടീസിന് മറുപടി നൽകുമെന്നും സി.വി. സജ്ജനാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.