വിദ്വേഷ പ്രസംഗം: അക്ബറുദ്ദീൻ ഉവൈസി, ബണ്ടി സഞ്ജയ് എന്നിവർക്കെതിരെ കേസ്
text_fieldsഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് എ.ഐ.എം.ഐഎം നേതാവ് അക്ബറുദ്ദീൻ ഉവൈസി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് എന്നിവർക്കെതിരെ കേസ്. ഹൈദരാബാദ് പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
'ഞങ്ങൾ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തത്'- എസ്.ആർ നഗർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി, എ.ഐ.എം.ഐ.എം തമ്മിൽ വാക് പോര് ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇരുവരും തമ്മിൽ വിദ്വേഷ പ്രസംഗമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്‍റെയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി രാമ റാവുവിന്‍റെയും സ്മാരകങ്ങൾ പൊളിച്ചുമാറ്റണമെന്നാണ് അക്ബറുദ്ദീൻ ഒവൈസി പ്രസംഗിച്ചത്. മറുപടിയായി എ.ഐ.എം.ഐ.എം ഓഫീസായ 'ദാറുസ്സലാം' പൊളിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ ഭീഷണിപ്പെടുത്തിയിരുന്നു.
ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്താനികളേയും പുറത്താക്കാനായി സർജിക്കൽ സ്ട്രൈക്ക് നടപ്പാക്കുമെന്നായിരുന്നു സഞ്ജയ് കുമാറിന്‍റെ വിവാദ പ്രസംഗം. എ.ഐ.എം.ഐ.എം പാകിസ്താൻ, റോഹിങ്ക്യ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ വോട്ടർമാരെ ഉപയോഗിച്ച് ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കുകയാണെന്നും കുമാർ ആരോപിച്ചിരുന്നു.
അതേസമയം 30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്ന് ബി.ജെ.പിയെ നേരത്തേ ഉവൈസി വെല്ലുവിളിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.