ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 74.67 ലക്ഷം പേർ ബൂത്തിലേക്ക്
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചരണത്തോടെ രാജ്യശ്രദ്ധ നേടിയ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ 74.67 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തും.
തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്വാദങ്ങൾ വലിയ ചർച്ചയായിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി രംഗത്തിറക്കിയത് കേന്ദ്രമന്ത്രി അമിത് ഷാ, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ് തുടങ്ങിയവരെയായിരുന്നു.
റോഡുകൾ, ജല വിതരണം, തെരുവുവിളക്ക്, ഡ്രെയിനേജ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ചർച്ചയായതിനൊപ്പം ഹൈദരാബാദിെൻറ പേര് ഭാഗ്യനഗർ എന്നു മാറ്റുന്നതുവരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകി.
150 ഡിവിഷനുകളിലായി 1122 സ്ഥാനാർഥികളാണ് മത്സര രംഗത്തിറങ്ങുന്നത്. നാലു ജില്ലകളിലായാണ് ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ടി.ആർ.എസ് 99 സീറ്റുകൾ പിടിച്ചെടുത്ത് അധികാരം നേടുകയായിരുന്നു. 9101 പോളിങ് സ്റ്റേഷനുകളിലായാണ് തെരഞ്ഞെടുപ്പ്. എല്ലാ പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 50,000ത്തോളം പൊലീസുകാരെ പണം, മദ്യം തുടങ്ങിയവ വിതരണം ചെയ്യുന്നുെവന്ന പരാതിയെ തുടർന്ന് വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പോളിങ് സ്റ്റേഷനുകളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. എല്ലാ ബൂത്തുകളും അണുവിമുക്തമാക്കുകയും വേണമെന്ന് നിർദേശം നൽകിയിരുന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിൽ മാത്രം 63 കണ്ടെയ്ൻമെൻറ് സോണുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.