ഇന്ത്യൻ വിദ്യാർഥി യു.എസ് തെരുവിൽ പട്ടിണി കിടക്കുന്നു; കേന്ദ്ര സർക്കാറിന്‍റെ സഹായം തേടി മാതാവ്
text_fieldsഹൈദരാബാദ്: ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിലെ തെരുവുകളിൽ പട്ടിണി കിടക്കുന്ന നിലയിൽ കണ്ടെത്തി. ചിക്കാഗോ ഡിട്രോയിഡിലെ ട്രൈൻ യൂണിവേഴ്സിറ്റി വിദ്യാർഥിയും തെലങ്കാന മെഡ്ചൽ ജില്ലയിലെ മൗല അലി, ഈദ് ഗാഹിന് സമീപത്തെ സാദുല്ലാൽ നാസർ (41-48) സ്വദേശിനിയുമായ സെയ്ദ ലുലു മിൻഹാജ് സെയ്ദിയാണ് ഒരു നേരത്തെ ഭക്ഷണത്തിനായി വിദേശ രാജ്യത്ത് അലയുന്നത്.
2021 ആഗസ്റ്റിലാണ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ലുലു മിൻഹാജ് അമേരിക്കയിലെത്തിയത്. രണ്ട് മാസം മുമ്പ് വരെ യുവതി നല്ല രീതിയിലാണ് കഴിഞ്ഞിരുന്നത്. അതിന് ശേഷം ബന്ധപ്പെടാൻ സാധിച്ചില്ല. രണ്ട് -മൂന്ന് മാസം കൊണ്ട് ഹൈദരാബാദിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ചിക്കാഗോയിലെ മസ്ജിദിന് മുമ്പിൽ യുവതിയെ കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകൾ അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതോടെ യുവതി വിഷാദരോഗത്തിന്‍റെ പിടിയിലായെന്നാണ് വിവരം.
മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ലുലു മിൻഹാജിന്‍റെ മാതാവ് സെയ്ദ വഹാബ് ഫാത്തിമ കേന്ദ്ര സർക്കാറിന്‍റെ സഹായം തേടി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതിയ അവർ, മകളെ തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. മകളുടെ ആരോഗ്യനില മോശമാണെന്നും വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിയും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റും വിഷയത്തിൽ ഇടപെടാൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
തെലങ്കാന ആസ്ഥാനമായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) പാർട്ടിയുടെ വക്താവ് അംജദുല്ല ഖാനാണ് യുവതിയുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. യുവതിക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്. അതിനാൽ, പരിചരിക്കാനായി മാതാപിതാക്കളെ ചിക്കാഗോയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ്.
മാതാപിതാക്കൾക്ക് പാസ്പോർട്ട് ഇല്ല. അവർക്ക് പാസ്‌പോർട്ടും ഹൈദരാബാദിലെ യു.എസ് കോൺസുലേറ്റിൽ നിന്ന് വിസയും ലഭ്യമാക്കാൻ സഹായിക്കണമെന്ന് തെലങ്കാന ഐ.ടി മന്ത്രി കെ.ടി.ആറിനോട് അഭ്യർഥിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും യു.എസിലേക്ക് പോകാൻ തയാറായിട്ടുണ്ടെന്നും അംജദുല്ല ഖാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.