സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി
text_fieldsഹൈദരാബാദ്: അധികൃതർ അനുമതി നിഷേധിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മെയ് ഏഴിന് തന്നെ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോൺഗ്രസ് പാർട്ടി നേതാക്കൾ വ്യക്തമാക്കി. സർവകലാശാലയിലെത്തി വിദ്യാർഥികളുടെ പ്രശ്നങ്ങളറിയാൻ അവരുമായി സംവദിക്കുമെന്നും കോൺഗ്രസ് എം.പി ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.
റെഡ്ഡിയും മറ്റ് കോൺഗ്രസ് നേതാക്കളും രാഹുലിന് സന്ദർശനാനുമതി നിഷേധിച്ച സർവകലാശാല നടപടിയെ അപലപിച്ചു. ബി.ജെ.പി നേതാക്കൾക്ക് സർവകലാശാല സന്ദർശിക്കാം, പരിപാടികളിൽ പങ്കെടുക്കാം, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെയും കെ. രാമറാവുവിന്റെയും ജൻമദിനങ്ങൾ ആഘോഷിക്കാം എങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ നേതാവിന് അനുമതി നിഷേധിച്ചുവെന്ന് അവർ ചോദിച്ചു. സർവകലാശാല കെ.സി.ആറിന്റെ സ്വകാര്യസ്വത്താണോയെന്നും ഉത്തം കുമാർ റെഡ്ഡി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനം രാഷ്ട്രീയോദ്ദേശ്യത്തോടെയുള്ളതല്ല. ഹോസ്റ്റലും മെസ്സും സന്ദർശിക്കുകയും വിദ്യാർഥികളോട് തൊഴിലില്ലായ്മയെ കുറിച്ച് സംവദിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന പ്രക്ഷോഭത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നിർണായക പങ്കു വഹിച്ച ഒസ്മാനിയ സർവകലാശാല സന്ദർശിക്കാനും വിദ്യാർഥികളുമായി സംസാരിക്കാനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നു. അതിനെന്തിനാണ് കെ.സി.ആർ ഭയപ്പെടുന്നതെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി ചോദിച്ചു.
ഒസ്മാനിയ സർവകലാശാലയിലും മന്ത്രി മന്ദിരങ്ങൾക്ക് മുൻപിലും സമരം ചെയ്ത കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന തെലങ്കാന കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ടി. ജഗ റെഡ്ഡിയെ കരുതൽ തടങ്കലിലാക്കി. സർക്കാരിന്റെ തരം താണ നടപടിയാണിതെന്ന് കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ വിമർശിച്ചു. തെലങ്കാന സംസ്ഥാനം രൂപീകൃതമായത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുള്ളത് കൊണ്ടാണെന്നത് സർക്കാർ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മെയ് ആറ്, ഏഴ് തിയതികളിലാണ് രാഹുൽ ഗാന്ധിയുടെ തെലങ്കാന സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.