'ഞാൻ തിരിച്ചുപോയി ചായക്കട തുടങ്ങു'മെന്ന് മോദി; ധൈര്യമായി പൊയ്ക്കൊള്ളാൻ സിദ്ധാർഥ്
text_fieldsമോദി സർക്കാറിന്‍റെ രൂക്ഷ വിമർശകനായ നടൻ സിദ്ധാർഥ് വീണ്ടും ഒളിയമ്പുമായി രംഗത്ത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് 'കുത്തിപ്പൊക്കി'യാണ് സിദ്ധാർഥ് പരിഹാസം ഉതിർത്തത്. 2014 ഏപ്രിൽ 29നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഇന്ത്യക്കാവശ്യം ശക്തമായൊരു ഭരണകൂടമാണ്. മോദി എന്നയാൾ ഒരു പ്രശ്നമേയല്ല. എനിക്ക് തിരിച്ചുപോയി വീണ്ടുമൊരു ചായക്കട തുറക്കാനാകും. പക്ഷെ രാജ്യത്തിന് ഇനിയും ഇത് സഹിക്കാനാവില്ല' -എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇത് പങ്കുവച്ചുകൊണ്ട് 'നിങ്ങൾ വിശ്വസിക്കുമോന്നറിയില്ല. എല്ലാവരോടുമൊപ്പം ഈ മനുഷ്യന്‍റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു'-എന്നാണ് സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചത്.
നേരത്തേ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിന്‍റെ രാഷ്ട്രീയകളികൾക്കെതിരേയും സിദ്ധാർഥ് രംഗത്തുവന്നിരുന്നു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിലെ താളപ്പിഴകളായിരുന്നു വിമർശനത്തിന് ആധാരം.'ഒരു ദിവസം നിങ്ങളെ വോട്ട് ചെയ്ത് അധികാരത്തിൽനിന്ന് പുറത്താക്കുേമ്പാൾ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും. അത് ഉടൻ ഉണ്ടാകും. ഈ ട്വീറ്റിനെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാൻ അന്ന് ഞങ്ങൾ ഇവിടെതന്നെയുണ്ടാകും' -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
ബി.ജെ.പി ബംഗാൾ ഘടകത്തിന്‍റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു നടന്‍റെ പ്രതികരണം. ബി.ജെ.പി ബംഗാളിൽ അധികാരത്തിലെത്തുേമ്പാൾ കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്. പോസ്റ്റിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കേണ്ട വാക്സിൻ ഉപയോഗിച്ച് ബി.ജെ.പിയും കേന്ദ്രസർക്കാറും രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.
രാജ്യത്ത് നിരവധി പേരാണ് ഓക്സിജൻ ക്ഷാമം മൂലവും ആശുപത്രികളിലെ അസൗകര്യവും മൂലം മരണപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2624 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ, കോവിഡ് പ്രതിസന്ധികൾക്കിടയിലും വാക്സിൻ വിതരണത്തിൽനിന്ന് കൈയൊഴിയാനായിരുന്നു കേന്ദ്രത്തിന്‍റെ നീക്കം. അതിന്‍റെ ഭാഗമായി മേയ് ഒന്നുമുതൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിന്റെ വില പുതുക്കി നിശ്ചയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്സിന് 400 രൂപ നൽകണം. സ്വകാര്യ ആശുപത്രികൾ 600 രൂപയും. മേയ് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിക്കാനിരിക്കെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.