മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ട്; എന്നാൽ എല്ലാവരുടെയും ആഗ്രഹം നടക്കണമെന്നില്ല -അജിത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വ്യക്തമാക്കി എൻ.സി.പി ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എന്നാൽ എല്ലാവരുടെയും ആഗ്രഹം നടക്കണമെന്നില്ലെന്നും മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം നേടണമെന്നും പുണെയിൽ ക്ഷേത്ര ദർശനത്തിനു ശേഷം പവാർ പറഞ്ഞു. അജിത് പവാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ വിവാദമായിരുന്നു. ഇതിനിടെയാണ് പവാർ പുതിയ പരാമർശവുമായി രംഗത്തെത്തിയത്.
“എല്ലാവർക്കും അവരുടെ നേതാവിനെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹമുണ്ടാകും. ഞാനും അതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ എല്ലാവരുടെയും ആഗ്രഹം നടക്കണമെന്നില്ല. മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം നേടുകയെന്നത് പ്രധാനമാണ്. 288 അംഗ സഭയിൽ 145 സീറ്റ് നേടണം. അംബേദ്കർ നേടിത്തന്ന വോട്ടവകാശം ഇന്നും ജനങ്ങളുടെ കൈകളിൽത്തന്നെയാണ്. മഹായൂതി സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷ. അതിനുശേഷം ഒരുമിച്ചിരുന്നാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ തന്നെ നടക്കും” -അജിത് പവാർ പറഞ്ഞു.
ഭരണക്ഷി ജയിച്ചാൽ ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ തുടരണമെന്ന് ശിവസേന നേതാക്കൾ ആവശ്യപ്പെടുന്നതിനിടെയാണ് അജിത് പവാറിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി ആരാവണമെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനമാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനം സ്വീകരിക്കുമെന്നും നിലവിൽ ഷിൻഡെയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുമെന്നും വ്യക്തമാക്കിയ ഫഡ്നാവിസ്, മുന്നണിക്കുള്ളിൽ അസ്വസ്ഥത ഉയരുന്നുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.