ഞാൻ ഹിന്ദുവാണ്, എന്നാൽ ഹിന്ദുത്വവാദിയല്ല -രാഹുൽ ഗാന്ധി
text_fieldsജയ്പൂർ: ഹിന്ദുത്വവാദം ഉയർത്തുന്ന ബി.ജെ.പിക്ക് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടെതായിരുന്നു, എന്നാൽ ഹിന്ദുത്വവാദികളുടെതായിരുന്നില്ല. ഞാൻ ഹിന്ദുവാണ്, എന്നാൽ ഹിന്ദുത്വവാദിയല്ല -രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തെ രാഷ്ട്രീയത്തിൽ ഇന്ന് രണ്ട് വാക്കുകൾ തമ്മിലൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു വാക്ക് ഹിന്ദു എന്നും മറ്റേത് ഹിന്ദുത്വവാദി എന്നുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ, സത്യത്തിന് വേണ്ടി തിരയുന്നവനാണ് ഹിന്ദു. എന്നാൽ, അധികാരത്തിന് വേണ്ടി തിരയുന്നവനാണ് ഹിന്ദുത്വവാദി.
മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വവാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥ 'എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ' എന്നാണ്. എന്നാൽ ഹിന്ദുത്വ വാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സിൽ മൂന്നു വെടിയുണ്ടകൾ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, സത്താഗ്രഹ് - അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും -രാഹുൽ പറഞ്ഞു.
ഇന്ന് രാജ്യത്തെ സമ്പത്തിന്‍റെ 33 ശതമാനവും ഒരു ശതമാനം പേരുടെ കൈകളിലാണ്. 65 ശതമാനം സമ്പത്തും 10 ശതമാനം പേരുടെ കൈകളിലാണ്. പാവപ്പെട്ടവരായ 50 ശതമാനം പേരുടെ കൈകളിലുള്ളതാവട്ടെ വെറും ആറ് ശതമാനം സമ്പത്താണ് -രാഹുൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കെടുത്തു. രാജ്യത്തെ പൗരന്മാർക്ക് വേണ്ടി ബി.ജെ.പി എന്താണ് ചെയ്യുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. കോൺഗ്രസ് 70 വർഷം രാജ്യത്തിന് വേണ്ടി എന്തുചെയ്തു എന്ന് ചോദിക്കുന്നവരോട് ഒരുകാര്യം ഞാൻ ചോദിക്കട്ടെ. 70 വർഷത്തെ കുറിച്ചുള്ള ചർച്ചകൾ വിടൂ. കഴിഞ്ഞ ഏഴ് വർഷം എന്ത് ചെയ്തുവെന്ന് പറയൂ. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, നിങ്ങൾ പറന്നുയരുന്ന എയർപോർട്ടുകൾ, ഇവയെല്ലാം കോൺഗ്രസ് നിർമിച്ചതാണ്. 70 വർഷം കൊണ്ട് കോൺഗ്രസ് നിർമിച്ചതാണ് ബി.ജെ.പി ഇപ്പോൾ വിറ്റുതുലയ്ക്കുന്നത്. സ്വന്തക്കാരായ വ്യവസായികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാറാണിത് -പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.