45 വർഷമായി വിവാഹം കഴിഞ്ഞിട്ട്; ദേഷ്യം വരാത്ത ഒരാളാണ് ഞാൻ -സഭയിൽ കൂട്ടച്ചിരിക്ക് വഴിയൊരുക്കി ഉപരാഷ്ട്രപതിയുടെ വാക്കുകൾ
text_fieldsന്യൂഡൽഹി: ബുധനാഴ്ച രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെ കാണാൻ പോയപ്പോൾ അദ്ദേഹം ക്ഷുഭിതനായെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. എന്നാൽ ഇതിന് ധൻഖർ നൽകിയ മറുപടി സഭയിൽ കൂട്ടച്ചിരിയുണ്ടാക്കി. "45 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. വിശ്വസിക്കണം സർ, ഞാൻ ഒരിക്കലും ദേഷ്യം പിടിക്കാറില്ല. നിങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. ഞാൻ ദേഷ്യം പിടിച്ചിട്ടില്ലെന്ന കാര്യം ഇവിടെ പറഞ്ഞ് മനസിലാക്കൂ"-എന്നായിരുന്നു ധൻഖറുടെ മറുപടി.
ഒരുപക്ഷേ നിങ്ങൾ ദേഷ്യം പിടിക്കുമ്പോൾ നിങ്ങൾക്കത് കാണാൻ സാധിക്കില്ല. നിങ്ങൾക്ക് നന്നായി ദേഷ്യം വന്നിരുന്നു. താങ്കളുടെ ഭാര്യ ഈ സഭയിലെ ഒരു അംഗമല്ല. അതിനാൽ ഞങ്ങൾക്ക് അവരുമായി ഇക്കാര്യം ചർച്ച ചെയ്യാൻ സാധിക്കില്ല. അല്ലായിരുന്നുവെങ്കിൽ നോക്കാമായിരുന്നു.''-എന്നായിരുന്നു ധൻഖർക്ക് ഖാർഗെ ചിരിയോടെ നൽകിയ മറുപടി.
മണിപ്പൂർ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് എല്ലാദിവസവും പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്. ഈ വിഷയം ചർച്ച ചെയ്യാനായി ഒരു മണിക്ക് രാങ്കളുടെ ചേംബറിൽ യോഗം വിളിക്കണമെന്നാണ് എന്റെ അഭ്യർഥന. അതിനായാണ് ഞങ്ങൾ പ്രതിഷേധം തുടരുന്നത്. ഇതുപോലുള്ള ഒരു ചെറിയ നിർദേശം പോലും താങ്കൾ അംഗീകരിച്ചിട്ടില്ല. സഭയിൽ പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോഴും നിങ്ങൾ അംഗീകരിച്ചില്ല. നിങ്ങൾ പ്രധാനമന്ത്രിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.''-ഖാർഗെ കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ തന്നെ വലിയ അംഗീകാരമുള്ള പ്രധാനമന്ത്രിക്ക് തന്റെ സംരക്ഷണം ആവശ്യമില്ലെന്നും യു.എസ് സെനറ്റിലും കോൺഗ്രസിലും ബഹുമാനിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്ന് അതിൽ ബഹുമാനിക്കുകയാണ് വേണ്ടതെന്നും ധൻഖർ വ്യക്തമാക്കി. ഭരണഘടന സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അതുപോലെ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എനിക്ക് ബാധ്യതയുണ്ട്. നിങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയെ പ്രതിനിധീകരിച്ചാണ് ഇവിടെ നിൽക്കുന്നത്. എനിക്കങ്ങനെയൊരു മേൽവിലാസമില്ല. പാർട്ടികളുടെ രാഷ്ട്രീയത്തെ കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യവും എനിക്കില്ല. രാജ്യത്തിന്റെ വളർച്ചയെ കുറിച്ചാണ് എനിക്ക് ആശങ്ക വേണ്ടത്. എന്റെ ഭരണം ശരിയാകുന്നുണ്ടോ എന്നതിലാണ് എനിക്ക് ആശങ്ക വേണ്ടത്.-ധൻഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.