താൻ ഗൂഢാലോചനയുടെ ഇരയെന്ന് പാർഥ ചാറ്റർജി
text_fieldsകൊൽക്കത്ത: താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് സ്കൂൾ അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജി. പരിശോധനക്കായി ജോക്കയിലെ ഇ.എസ്.ഐ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. തനിക്കെതിരെ പാർട്ടി നടപടിയെടുത്തത് ശരിയാണോ എന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ ആശുപത്രിയിൽ പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയെയും പരിശോധനക്കെത്തിച്ചിരുന്നു. അലമുറയിട്ട് കരഞ്ഞ ഇവരെ ബലം പ്രയോഗിച്ച് കാറിൽനിന്നിറക്കിയാണ് വീൽചെയറിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽനിന്നും തൃണമൂൽ കോൺഗ്രസ് ഭാരവാഹിത്വത്തിൽനിന്നും കഴിഞ്ഞ ദിവസമാണ് നീക്കിയത്. അറസ്റ്റിലായ പാർഥ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലാണ്.
അതേസമയം, അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. കൊൽക്കത്തയിലെ ചിനാർ പാർക്ക് മേഖലയിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു പരിശോധന. ഫ്ലാറ്റിന്റെ താക്കോൽ കണ്ടെത്താനാവാത്തതിനാൽ വാതിൽ തകർത്താണ് ഇ.ഡി ഉദ്യോഗസ്ഥർ അകത്തു കടന്നത്. ഇവിടെയും പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അർപ്പിത മുഖർജിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ ഫ്ലാറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.
അർപ്പിതയുടെ രണ്ട് ഫ്ലാറ്റുകളിൽ കഴിഞ്ഞ ശനിയാഴ്ചയും ബുധനാഴ്ചയും ഇ.ഡി നടത്തിയ പരിശോധനയിൽ 50 കോടി രൂപയും വൻതോതിൽ സ്വർണവും വെള്ളിയും പിടികൂടിയിരുന്നു. ആഭരണങ്ങളുടെ മൂല്യം കണക്കാക്കി വരുന്നതേയുള്ളൂ. കൽക്കത്ത ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐയാണ് അഴിമതിക്കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.