'താൻ ഇന്ത്യൻ മുസ്‍ലിമാണ്, ഈ രാജ്യം എല്ലാവരുടേതുമാണ്'; മുസ്‍ലിം വിരുദ്ധ നയങ്ങൾക്കെതിരെ ഫാറൂഖ് അബ്ദുല്ല
text_fieldsമുംബൈ: കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. താൻ ഇന്ത്യൻ മുസ്‌ലിമാണെന്നും ചൈനീസ് മുസ്‍ലിമല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ എൻ.സി.പി നേതാവ് ചഗൻ ഭുജ്ബാലിന്റെ 75ാം ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിയിൽ മുസ്‍ലിംകളെ സമ്പൂർണമായി ബഹിഷ്‌കരിക്കണമെന്ന് രണ്ട് ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം. ഇന്ത്യ എല്ലാവരുടേതുമാണെന്നും അദ്ദേഹം ഉണർത്തി.
''എല്ലാവരും വ്യത്യസ്തരായിരിക്കാം. എന്നാൽ, ഒന്നിച്ച് നമുക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകും. അതാണ് സൗഹൃദമെന്ന് പറയുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെ ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്തേണ്ടതുണ്ട്. മതങ്ങൾ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാനാണ്. എല്ലാവരുടേതുമാണ് ഈ രാജ്യം''-അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ തുടങ്ങിയ പ്രമുഖർ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. അജിത് പവാർ ഉൾപ്പെടെയുള്ള എൻ.സി.പി നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.