മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടു
text_fieldsപാറ്റ്ന: മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടു. കുറേനാളുകളായി ദേശീയ നേതൃത്വത്തോട് നിലനിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടുന്നതിന് വഴിവെച്ചത്. നിലവിൽ പാർട്ടി ദേശീയ നിർവാഹകസമിതിയംഗമാണ്. ജനാധിപത്യം സംരക്ഷിക്കാനാണ് രാജി വെച്ചതെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. മോദിയുടെ ഭരണത്തിൽ ജനാധിപത്യത്തിന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർക്കെതിരെ സ്ഥിരം വിമശകനായിരുന്നു പാർട്ടിയിൽ അദ്വാനി പക്ഷക്കാരാനായ യശ്വന്ത് സിൻഹ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ച മോദിയുടെ നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കുമായി ഉപമിച്ച് നടത്തിയ സിൻഹയുടെ പ്രസ്താവന വിവാദമായിരുന്നു. വീണ്ടു വിചാരം കൂടാതെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ തൽസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ മകൻ ജയ് ഷായുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ വിമർശനമാണ് സിൻഹ നടത്തിയത്. ജയ് ഷാക്കെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടത്.
1937 ജൂൺ 11ന് പട്നയിലാണ് യശ്വന്ത് സിൻഹയുടെ ജനനം. പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം പട്ന സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് സിവിൽ സർവിസിലേക്ക് തിരിഞ്ഞു. 1960ൽ കോഴ്സ് പൂർത്തിയാക്കി സന്താൽ പർഗാനയിൽ ഡെപ്യൂട്ടി കമീഷണറായി തുടങ്ങിയ ഒൗദ്യോഗികവൃത്തി ജർമനിയിലെ സ്ഥാനപതി ഉദ്യോഗവും കടന്ന് വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറി സ്ഥാനങ്ങൾ വരെ തുടർന്നു. ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിെൻറ ഇടനാഴികകൾ പരിചയിച്ചതോടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സിൻഹ തീരുമാനിച്ചു.
1984ൽ സിവിൽ സർവിസിൽ നിന്ന് വോളൻററി റിട്ടയർമെന്റ് വാങ്ങി. വലതുകാൽ വെച്ച് ഇറങ്ങിയത് ജനത പാർട്ടിയിലേക്ക്. ഉന്നതസ്ഥാനീയനായ അതിഥിയെ രണ്ടു കൊല്ലം കൊണ്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. രണ്ടു വർഷം കഴിഞ്ഞപ്പോൾ രാജ്യസഭയിലേക്ക് സീറ്റും കിട്ടി. ജനത പാർട്ടിയിൽ നിന്ന് ജനതാദൾ ഉണ്ടായപ്പോൾ അവിടെ ജനറൽ സെക്രട്ടറിയായി. അങ്ങനെ വി.പി. സിങ് ഗവൺമെന്റിനെ മറിച്ചിട്ട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ ധനമന്ത്രി സ്ഥാനം തേടി വന്നത് യശ്വന്ത് സിൻഹയെ ആണ്.
പിന്നീട് നടത്തിയ മലക്കംമറിച്ചിലിൽ ബി.ജെ.പിയിലെത്തി. 1998ൽ വാജ്പേയി മന്ത്രിസഭയിൽ വീണ്ടും മന്ത്രി. വകുപ്പ് ധനം തന്നെ ചോദിച്ചപ്പോൾ വാജ്പേയി പൂർണവിശ്വാസത്തോടെ ഏൽപിച്ചപു. 2002ൽ വിദേശകാര്യ മന്ത്രി. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ഹസാരിബാഗിൽ പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം പാർട്ടി രാജ്യസഭയിലെത്തിച്ചു. തുടർന്ന് പാർട്ടി ഉപാധ്യക്ഷസ്ഥാനവും ലഭിച്ചു. അങ്ങനെ പാർട്ടിയിലും ഭരണത്തിലും ഒരു പോലെ പയറ്റിത്തെളിഞ്ഞ നേതാവായി മാറി യശ്വന്ത് സിൻഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.