'മുഖ്യമന്ത്രിയായല്ല, അച്ഛനായും ആങ്ങളയായും ഞാൻ നിങ്ങളെ കാക്കും' -സ്ത്രീകളോട് സ്റ്റാലിൻ
text_fieldsചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്ക് സർക്കാർ പരമപ്രധാന്യം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിലവിലുള്ള 16 കോടതികൾക്ക് പുറമെ പോക്‌സോ കേസുകൾ കേൾക്കാൻ സർക്കാർ നാല് കോടതികൾ സ്ഥാപിക്കുമെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും സ്ത്രീ ജീവനക്കാർക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ പരാതികളും സംഭവങ്ങളും മറച്ചുവെക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അദ്ദേഹം നിർദേശം നൽകി. അധികാരികൾ കൃത്യസമയത്തും ഉചിതമായും പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
"ഞാൻ നിങ്ങളെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, പിതാവിനെയും സഹോദരനെയും പോലെ സംരക്ഷിക്കും" സ്റ്റാലിൻ പറഞ്ഞു. ജീവനൊടുക്കുന്നത് പോലുള്ള കടുംകൈയൊന്നും ചെയ്യരുതെന്ന് ലൈംഗികാതിക്രമത്തെ അതിജീവിച്ചവരോട് അദ്ദേഹം അഭ്യർത്ഥിച്ചു. 'കുറ്റവാളികളെ രാജ്യത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോരാടണം. കുറ്റക്കാർ ആരായാലും നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല. കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. അതിനായാണ് സംസ്ഥാന ശിശു നയം 2021 ആവിഷ്കരിച്ചത്'' -അദ്ദേഹം വ്യക്തമാക്കി.
"ഈയിടെയായി ഇടയ്ക്കിടെ അസ്വസ്ഥജനകമായ വാർത്തകൾ വരുന്നത് എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. വിദ്യാസമ്പന്നരും സംസ്‌കാരസമ്പന്നരും വികസിതവുമായ സമൂഹത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നതിൽ എനിക്ക് ശരിക്കും ലജ്ജ തോന്നുന്നു" -പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയാകുന്ന സംഭവങ്ങളും തുടർന്നുള്ള ആത്മഹത്യകളും ചൂണ്ടിക്കാട്ടി സ്റ്റാലിൻ പറഞ്ഞു.
സ്‌കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലുമടക്കം ലൈംഗികാതിക്രമങ്ങൾ അരങ്ങേറുന്നുണ്ട്. അതിൽ ചിലത് മാത്രമാണ് നിയമത്തിന് മുന്നിലെത്തുന്നത്. ഭൂരിഭാഗവും മൂടിവയ്ക്കപ്പെടുന്നു. സ്ത്രീകളെ സഹജീവികളായി കാണുകയും സ്ത്രീകളെ തുല്യമായി പരിഗണിക്കുകയും ചെയ്യുന്നതുവരെ ഇത്തരം അതിക്രമങ്ങൾ തടയാനാവില്ല. ലൈംഗികാതിക്രമങ്ങൾക്കെതിരെ മതിയായ നിയമങ്ങളുണ്ട്. കുറ്റവാളികളെ കോടതിയിൽ എത്തിച്ച് ഉചിതമായ ശിക്ഷ നൽകും. അതിക്രമങ്ങൾ നേരിട്ടാൽ ൈധര്യസമേതം മുന്നോട്ട് വന്ന് പരാതിപ്പെടണമെന്നും മുഖ്യമന്ത്രി പെൺകുട്ടികളോടും സ്ത്രീകളോടും അഭ്യർഥിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മേധാവികൾ പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കണം. സ്ഥാപനങ്ങളുടെ പ്രശസ്തി സംരക്ഷിക്കാൻ സംഭവങ്ങൾ മറച്ചുവെക്കുന്നതിൽ നിന്ന് അധ്യാപകരും സ്ഥാപന മേധാവികളും പിന്മാറണം. സമൂഹം തങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുമെന്ന് വിചാരിച്ച് ആക്രമണത്തിനിരയാകുന്നവരും കുടുംബാംഗങ്ങളും മിണ്ടാതിരിക്കരുത്. അങ്ങനെ ചെയ്യുന്നത്, മാനസികമായി കഷ്ടപ്പെടുന്ന കുട്ടിയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ പറഞ്ഞു.
ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവർ 1098 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. ഇതിനായി ചെന്നൈയിലെ ഡി.പി.ഐ കോംപ്ലക്സിലെ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കേന്ദ്രം തുറന്നിട്ടുണ്ട്. കുട്ടികളിൽ നിന്നുള്ള ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്ന ടീമിൽ യോഗ്യരായ ചൈൽഡ് സൈക്കോളജിസ്റ്റുകൾ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.