ഞാനൊരു വ്യവസായ വിരുദ്ധനല്ല, കുത്തക വിരുദ്ധൻ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: താൻ ബി.ജെ.പി ആരോപിക്കുന്നതുപോലെ ‘ബിസിനസ് വിരുദ്ധൻ’ അല്ലെന്നും മറിച്ച് ‘കുത്തക വിരുദ്ധനും’ ‘അവർ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനു’മാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
‘ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയിലെ എതിരാളികൾ എന്നെ ബിസിനസ് വിരുദ്ധനായി ഉയർത്തിക്കാട്ടുന്നു. ഞാൻ ഒരു ബിസിനസ്സ് വിരുദ്ധനല്ല, ഒരു കുത്തക വിരോധിയാണ്. ‘ഒളിഗോപോളികൾ’ സൃഷ്ടിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനാണ്. ഒന്നോ രണ്ടോ അഞ്ചോ ആളുകളുടെ ബിസിനസിന്റെ ആധിപത്യത്തിന് ഞാനെതിരാണ്’ -എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാഹുൽ വ്യക്തമാക്കി.
‘മാനേജ്‌മെന്‍റ് കൺസൾട്ടന്‍റായാണ് എന്റെ കരിയർ ആരംഭിച്ചത്. ഒരു ബിസിനസ് വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ ഞാനിതാവർത്തിക്കുന്നു. ഞാൻ ബിസിനസ് വിരുദ്ധനല്ല. ഒരു കുത്തക വിരുദ്ധനാണ് -രാഹുൽ പറഞ്ഞു. തൊഴിലവസരങ്ങൾ, വ്യവസായം, പുതുമകൾ, മത്സരങ്ങൾ എന്നിവയെ പിന്തുണക്കുന്നുവെന്നും എല്ലാ ബിസിനസുകൾക്കും സ്വതന്ത്രവും നീതിയുക്തവുമായ ഇടം ലഭിക്കുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ നിശബ്ദമാക്കിയതെന്നും രാഹുൽ തന്റെ ലേഖനത്തിൽ പറഞ്ഞിരുന്നു. മര്യാദയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും പങ്കാളികളാകുകയും കൈക്കൂലി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് കമ്പനി ഇന്ത്യയെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തകകളുടെ ഒരു പുതിയ ഇനം അതിന്റെ സ്ഥാനത്തേക്ക് കടന്നുവന്ന് ഭീമാകാരമായ സമ്പത്ത് ഉണ്ടാക്കുന്നുവെന്നും രാഹുൽ എഴുതുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.