'സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ മാപ്പ് ചോദിക്കുന്നു': പാർട്ടി അണികളുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി കനിമൊഴി
text_fieldsചെന്നൈ: പാർട്ടി പ്രവർത്തകർ ബി.ജെ.പിയിലെ വനിതാ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. 'ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ മാപ്പ് ചോദിക്കുന്നു. ഇത് ആര് ചെയ്താലും ഏത് സാഹചര്യത്തിലായാലും അവർ ഏത് പാർട്ടിയിലായാലും അംഗീകരിക്കാവുന്നതല്ല. ഞാൻ പരസ്യമായി മാപ്പ് പറയുന്നു. എന്റെ പാർട്ടിയും നേതാവും ഈ അപരാധം ക്ഷമിക്കുകയില്ല' - കനിമൊഴി പറഞ്ഞു.
ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു കനിമൊഴി. 'പുരുഷൻമാർ സ്ത്രീകളെ അധിക്ഷേപിക്കുമ്പോൾ, അവർ വളർന്നു വന്ന വിഷലിപ്തമായ സാഹചര്യവും അവർക്ക് എന്ത് തരത്തിലുള്ള വളർച്ചയാണ് ഉണ്ടായതെന്നുമാണ് കാണിക്കുന്നത്. ഈ ആളുകൾ ഒരു സ്ത്രീയുടെ ഗർഭപാത്രത്തെ അധിക്ഷേപിച്ചിരിക്കുന്നു. അവർ കലൈഞ്ജറുടെ അണികളാണെന്നാണ് സ്വയം പറയുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭരണത്തിലെ പുതിയ ദ്രവീഡിയൻ മോഡലാണോ ഇത്' എന്നായിരുന്നു കനിമൊഴിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ ഖുശ്ബു ചോദിച്ചത്.
ചിലരുടെ ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയെയാണ് നാണക്കേടിലാക്കുന്നതെന്നും ഇത്തരം വാർത്തകൾ തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നൽകുന്നതെന്നും സ്റ്റാലിനും അഭിപ്രായപ്പെട്ടു.
നിരവധി ഡി.എം.കെ നേതാക്കൾ ഈയിടെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയെ അപമാനിച്ച് സംസാരിച്ചതിന് മുതിർന്ന നേതാവും വക്താവുമായ കെ.എസ് രാധാകൃഷ്ണനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‍പെന്റ് ചെയ്തിരുന്നു.
സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യയാത്ര അനുവദിച്ച സംഭവത്തിൽ വനിതകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടാവുകയും മുതിർന്ന നേതാവും എം.പിയുമായ എ. രാജയുടെ ഹിന്ദു, ശൂദ്ര പരാമർശം വിവാദത്തിനിടവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.