‘തല കുനിച്ച് ക്ഷമ ചോദിക്കുന്നു’; ശിവാജി പ്രതിമ തകർന്നതിൽ മോദിയുടെ മാപ്പ്
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നതിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഛത്രപതി ശിവാജി മഹാരാജ് എന്നത് നമുക്ക് വെറുമൊരു പേരല്ല. ഇന്ന് ഞാൻ എന്റെ ആരാധ്യദേവനായ ഛത്രപതി ശിവാജി മഹാരാജിനോട് തല കുനിച്ച് മാപ്പ് ചോദിക്കുന്നു. അദ്ദേഹത്തെ തങ്ങളുടെ ആരാധനാമൂർത്തിയായി കരുതുന്നവരോട്, ആഴത്തിൽ വേദനിച്ചവരോട്, ഞാൻ തല കുനിച്ച് മാപ്പ് ചോദിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ആരാധനാമൂർത്തിയേക്കാൾ വലുതായി ഒന്നുമില്ല’ -മോദി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലുള്ള മഹാരാഷ്ട്രയിൽ പ്രതിമയുടെ തകർച്ച വൻ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. വൈകാരികമായ ഈ വിഷയത്തെ കത്തിയാളിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി, പ്രത്യേകിച്ച് ഉദ്ധവ് പക്ഷ ശിവസേന സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിരോധത്തിലായ ഭരണസഖ്യം പ്രതിമ തകർന്നതിന്‍റെ ഉത്തരവാദിത്തം പൂർണമായും നാവികസേനയിലും പ്രതിമ ഉണ്ടാക്കിയ ശിൽപികളിലും പരിമിതപ്പെടുത്താൻ ആഞ്ഞു ശ്രമിക്കുകയാണ്.
ഛത്രപതി ശിവാജി മഹാരാജിന്റെ പാദങ്ങളിൽ 100 പ്രാവശ്യം തൊടാനും ആവശ്യമെങ്കിൽ പ്രതിമ തകർന്നതിൽ മാപ്പ് ചോദിക്കാനും മടിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും വ്യാഴാഴ്ച പറഞ്ഞിരുന്നു. തകർന്ന പ്രതിമക്ക് പകരം അതേസ്ഥലത്ത് അതിലും വലുത് നിർമിക്കുമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തകർന്ന പ്രതിമയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാറല്ല, ഇന്ത്യൻ നേവിയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാന സർക്കാറുമായി സഹകരിച്ചാണ് പ്രതിമ നിർമിച്ചതെന്ന് വിശദീകരിച്ച നാവിക സേന, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരാറുകാരൻ ജയദീപ് ആപ്‌തേക്കും നിർമാണ മേൽനോട്ടം വഹിച്ച ചേതൻ പാട്ടീലിനും എതിരെ കേസെടുത്ത പൊലീസ് ചേതൻ പാട്ടീലിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ കഴിഞ്ഞ ഡിസംബർ നാലിന് നാവികസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ 35 അടി ഉയരത്തിലുള്ള പ്രതിമ തിങ്കളാഴ്ച വൈകീട്ടാണ് തകർന്നുവീണത്. പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്. ഇത്രപെട്ടെന്ന് പ്രതിമ തകർന്നതോടെ കോടികൾ ചെലവിട്ട നിർമാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.