ഞാൻ നേതാജിയെ വണങ്ങുന്നു -മോദി; റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം
text_fieldsഅന്തരിച്ച സ്വാതന്ത്ര്യ സമര നേതാവ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഉൾപ്പെടുത്തി ജനുവരി 24ന് പകരം ജനുവരി 23 മുതൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി, നേതാജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും. നേതാജിയെ വണങ്ങുന്നതായി മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാജ്യത്തിനായുള്ള അദ്ദേഹത്തിന്‍റെ പ്രയത്നങ്ങൾ എല്ലാവരും ആദരവോടെ സ്മരിക്കുമെന്നും മോദി പറഞ്ഞു.
ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച നേതാജിയുടെ പ്രതിമയുടെ പണി പൂർത്തിയാകുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹോളോഗ്രാം പ്രതിമയുടെ വലിപ്പം 28 അടി ഉയരവും 6 അടി വീതിയുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിപാടിയിൽ സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാരങ്ങളും പ്രധാനമന്ത്രി സമ്മാനിക്കും. ചടങ്ങിൽ ആകെ ഏഴ് അവാർഡുകൾ സമ്മാനിക്കും.
ദുരന്തനിവാരണ രംഗത്ത് ഇന്ത്യയിലെ വ്യക്തികളും സംഘടനകളും നൽകുന്ന നിസ്വാർത്ഥമായ സേവനവും വിലമതിക്കാനാവാത്ത സംഭാവനകളും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായാണ് കേന്ദ്രസർക്കാർ സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാരം ഏർപ്പെടുത്തിയത്. എല്ലാ വർഷവും ജനുവരി 23-നാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. 51 ലക്ഷം രൂപയും സ്ഥാപനമാണെങ്കിൽ സർട്ടിഫിക്കറ്റും വ്യക്തിയുടേതാണെങ്കിൽ 5 ലക്ഷം രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.