‘‘ഒരു താരം എനിക്കെതിരെ എത്തിയാൽ നിങ്ങൾക്കെന്നെ തൂക്കിലേറ്റാം’’- ലൈംഗിക പീഡന പരാതികളിൽ വിശദീകരണം തേടിയതിനിടെ പ്രതികരണവുമായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ
text_fieldsകായിക രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തിയ രണ്ടു പ്രമുഖ താരങ്ങൾ ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയതോടെ സമ്മർദത്തിലായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് പ്രതികരണവുമായി രംഗത്ത്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ മെഡൽ നേടിയ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മാലിക് എന്നിവരാണ് ബ്രിജ് ഭൂഷണും ദേശീയ പരിശീലകരും താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കടുത്ത ആരോപണവുമായി എത്തിയത്. പ്രായപൂർത്തിയെത്താത്ത താരങ്ങൾ വരെ പീഡനത്തിനിരയായെന്നും ഇരുവരും പറയുന്നു.
‘‘ഫെഡറേഷനുമായി അടുപ്പമുള്ള നിരവധി കോച്ചുമാർ ദേശീയ ക്യാമ്പുകളിലുണ്ട്. വനിത പരിശീലകർ മാത്രമല്ല, ദേശീയ ക്യാമ്പുകളിലെ പെൺകുട്ടികൾ വരെ ഇവരുടെ ലൈംഗിക പീഡനത്തിനിരയാകുന്നു. ഫെഡറേഷൻ പ്രസിഡന്റും നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്’’- ഫോഗട്ട് പറഞ്ഞു. സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, അൻഷു മാലിക്, സരിത മോർ, സോനം മാലിക് തുടങ്ങി രാജ്യത്തെ മുൻനിര ഗുസ്തിതാരങ്ങൾ ന്യൂഡൽഹിയിലെ ജന്ദർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പ്രതികരണം. ഫെഡറേഷൻ പ്രസിഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു താരങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തിനെത്തിയവരിലും പീഡനത്തിനിരയായവരുണ്ടെന്നും മാനഹാനി ഭയന്ന് ഇവരുടെ പേര് വെളിപ്പെടുത്തില്ലെന്നും ഫോഗട്ട് പറഞ്ഞു. വർഷങ്ങളായി ഇത് നടന്നുവരികയാണെന്നും അണ്ടർ 17, അണ്ടർ 19, സീനിയർ ക്യാമ്പുകളിലൊക്കെയും ഇത് സംഭവിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2022 ദേശീയ ഗുസ്തിയിൽ മത്സരിച്ചിന്നു കാണിച്ച് ഫെഡറേഷൻ തന്റെ പേര് വെട്ടിയതിനു ശേഷമാണ് ഒടുവിൽ രംഗത്തെത്തുന്നത്. ഗുസ്തിയാണ് തങ്ങൾക്കു ജീവിതം. അതു ചെയ്യാൻ അവർ അനുവദിക്കുന്നില്ല- ഫോഗട്ട് പറയുന്നു. 30 ഓളം പേരാണ് പ്രതിഷേധവുമായി ജന്ദർ മന്ദറിലെത്തിയത്. ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രതിഷേധത്തിനിടെ മാധ്യമങ്ങളെ കണ്ടാണ് ഇരുവരും കടുത്ത ആരോപണമുയർത്തിയത്. സംഭവത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, വിനേഷ് മാത്രമാണ് അത് പറയുന്നതെന്നും ഒരു താരവും ഈ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ഏതെങ്കിലും ഒരു താരം രംഗത്തെത്തി താൻ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയാൽ അന്ന് തൂക്കിലേറ്റാമെനും പ്രസിഡന്റ് പറഞ്ഞു. ബി.ജെ.പി ടിക്കറ്റിൽ പാർലമെന്റിലെത്തിയതാണ് ബ്രിജ് ഭൂഷൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.