‘മോദീ, രാജിവെച്ച് ഒരിക്കൽകൂടി വാരണാസിയിൽ മത്സരിക്കാൻ ധൈര്യമുണ്ടോ? തോറ്റാൽ ഞാൻ രാഷ്ട്രീയം നിർത്താം’ -വെല്ലുവിളിയുമായി അജയ് റായ്
text_fieldsവാരണാസി: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിലെ അതിശയിപ്പിക്കുന്ന മത്സരഫലങ്ങളിലൊന്നായിരുന്നു ഉത്തർ പ്രദേശിലെ വാരണാസി മണ്ഡലത്തിലേത്. രാജ്യമൊട്ടുക്കും തന്റെ ‘ഗാരന്റി’യും വ്യക്തിപ്രഭാവവും കൊണ്ട് ബി.ജെ.പിയെ ഗംഭീര ജയത്തിലേക്ക് നയിക്കുമെന്ന അവകാശവാദവുമായി മുന്നേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിറപ്പിച്ചുവിട്ടാണ് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷനായ അജയ് റായ് കീഴടങ്ങിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഒരു ഘട്ടത്തിൽ റായിക്കുമുന്നിൽ 6000ലേറെ വോട്ടിന് പിന്നിൽനിന്ന മോദി ഒടുക്കം ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. മോദി പ്രഭാവം ഇന്ത്യയൊട്ടുക്കും ആഞ്ഞടിക്കുമെന്ന് വീമ്പുപറഞ്ഞ ബി.ജെ.പിക്ക് ലഭിച്ച കനത്ത പ്രഹരമായിരുന്നു വാരണാസിയിൽ മോദിയുടെ കുറഞ്ഞ ഭൂരിപക്ഷം.
2019 ൽ മോദിക്കെതിരെ മത്സരിച്ചപ്പോൾ 4.79 ലക്ഷം വോട്ടിനാണ് അജയ് റായ് തോറ്റത്. ഇത്തവണ എതിരാളിയായി വീണ്ടും റായ് എത്തിയതോടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം. പക്ഷേ, മോദിക്കു മുന്നിൽ വിറയ്ക്കാൻ അജയ് ഒരുക്കമല്ലായിരുന്നു. കോൺഗ്രസിന്റെ ചലനാത്മകമായ സംഘടനാസംവിധാനവും സമാജ്‌വാദി പാർട്ടിയുടെ കരുത്തുറ്റ പിന്തുണയും ചേർന്നതോടെ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു. ഹിന്ദി മേഖലയിൽ ഇക്കുറി കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായാണ് വാരണാസിയിലെ പോരാട്ടം വിലയിരുത്തപ്പെടുന്നത്.
ഒന്നുകൂടി ആഞ്ഞുപിടിച്ചിരുന്നെങ്കിൽ മോദിയെന്ന വടവൃക്ഷം കടപുഴകിയേനേ എന്ന് തിരിച്ചറിയുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചിരുന്നുവെങ്കിൽ മോദി പരാജയപ്പെടുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
മോദിയെ വിറപ്പിച്ചു കീഴടങ്ങിയ അജയ് റായ് പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയതാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് വാരണാസിയിൽ ഒരിക്കൽകൂടി തനിക്കെതിരെ മത്സരിക്കാമോ എന്നാണ് മോദിയോട് അജയിന്റെ ചോദ്യം. ആ മത്സരത്തിൽ മോദിയാണ് ജയിക്കുന്നതെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അജയ് റായ് പറയുന്നു.
‘വാരണാസി സീറ്റ് രാജിവെച്ച് ഒന്നുകൂടി എനിക്കെതിരെ മത്സരത്തിനിറങ്ങാൻ ഞാൻ മോദിയെ വെല്ലുവിളിക്കുന്നു. അതിന് തയാറുണ്ടെങ്കിൽ അദ്ദേഹത്തെ ഞാൻ തോൽപ്പിക്കുമെന്നുറപ്പ്. മോദിയാണ് ജയിക്കുന്നതെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ച് സന്യാസത്തിന് പോകാൻ ഞാൻ ഒരുക്കമാണ്’ -ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അജയ് റായ് പറഞ്ഞു. 2027ലെ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസും സമാജ് വാദി പാർട്ടിയും സഖ്യമായി മത്സരിക്കാനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.