'ഞാൻ പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു...'; പരിഹാസവുമായി അസദ്ദുദ്ദീൻ ഉവൈസി
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം തലവൻ അസദ്ദുദ്ദീൻ ഉവൈസി. കഴിഞ്ഞ എട്ടു വർഷം കൊണ്ട് രാജ്യത്തിന്‍റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും മുസ്ലിംകളുടെ പ്രശ്നങ്ങൾ മതേതര പാർട്ടികൾ പോലും ഉയർത്തിക്കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ഹംനാബാദിൽ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിംകൾക്ക് വലിയ പ്രധാന്യമൊന്നുമില്ല. രാഷ്ട്രീയ പാർട്ടികൾക്കുള്ള എ.ടി.എം മെഷീൻ മാത്രമാണ് മുസ്ലിംകൾ. അവർക്ക് സമുദായത്തിന്‍റെ വോട്ടു ബാങ്കിലാണ് കണ്ണെന്നും അദ്ദേഹം വിമർശിച്ചു.
'മുസ്ലീം അതിക്രമങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. മുസ്ലിംകൾ അദൃശ്യരായി മാറിയിരിക്കുന്നു. മതേതര പാർട്ടികൾ ഇപ്പോൾ മുസ്ലീം വിഷയങ്ങൾ ഉന്നയിക്കാത്ത തരത്തിൽ ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു' -ഉവൈസി പറഞ്ഞു.
ഈ പാർട്ടികളിൽനിന്ന് നിങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നുണ്ടോ? ഞാൻ പറയുന്നത് തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു നേതാവാകുക, ഞാൻ നിങ്ങൾക്കായി പ്രവർത്തിക്കും. എന്നാൽ ബിൽക്കീസ് ബാനുവിന് എന്ത് മറുപടിയാണ് നിങ്ങൾ നൽകുക. ബലാത്സംഗം ചെയ്തവരെ ബി.ജെ.പി വിട്ടയക്കുകയും മതേതര കക്ഷികൾ മൗനം പാലിക്കുകയും ചെയ്യുന്നു, നിങ്ങളുടെ മകളല്ലേ അവളെന്നും അദ്ദേഹം ചോദിച്ചു.
ഇത് അംബേദ്കറുടെ ഭൂമിയാണ്. ചോരയും വിയർപ്പും ഒഴുക്കിയാണ് ഈ ഭൂമി നമ്മൾ സ്വതന്ത്രമാക്കിയത്. മുസ്ലിംകളാണ് ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത്, അക്കാലത്ത് ആർ.എസ്.എസ് ഇല്ലായിരുന്നു. പിന്നീട് വന്ന അവർ ഹീറോകളായി. ജീവൻ നൽകിയവർ ചിത്രത്തിലില്ല. കോൺഗ്രസിലും ജെ.ഡി.എസിലും മുസ്ലിംകൾക്ക് പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.