'വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം അംഗീകരിക്കുന്നില്ല'; യു.പിയിലെ ലവ് ജിഹാദ് നിയമത്തെ പിന്തുണച്ച് രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമത്തെ പിന്തുണച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനത്തെ അംഗീകരിക്കുന്നില്ലെന്നും കൂട്ട മതപരിവർത്തനം നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'മതപരിവർത്തനം നടക്കുന്നത് എന്തുകൊണ്ടാെണന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂട്ട മതപരിവർത്തനം നിർത്തലാക്കണം. എന്‍റെ അറിവിൽ, മുസ്ലിം മതത്തിൽപ്പെട്ടൊരാൾക്ക് മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനത്തെ ഞാൻ അംഗീകരിക്കുന്നില്ല' -രാജ്നാഥ് സിങ് പറഞ്ഞു.
സ്വാഭാവിക വിവാഹവും മതപരിവർത്തനത്തിന് വേണ്ടി വിവാഹം കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. കൂടുതൽ കേസുകളിലും മതപരിവർത്തനത്തിന് വേണ്ടിയുള്ള വിവാഹമാണ് കാണാൻ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ ഒരു യഥാർഥ ഹിന്ദു ഒരിക്കലും വിവേചനം കാണിക്കില്ല. മതഗ്രന്ഥങ്ങളും അതിന് അനുമതി നൽകുന്നില്ല. വസുദൈവ കുടുംബകം എന്ന ആശയം നൽകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും മറ്റൊരു രാജ്യവും അങ്ങനെ ചെയ്യുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഉത്തർപ്രദേശിൽ യു.പി സർക്കാറിൻറെ 'ലവ് ജിഹാദ് നിയമ'ത്തിന്‍റെ പേരിൽ മുസ്ലിം യുവാക്കളെ ആക്രമിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലഖ്നോവിൽനിന്നുള്ള ലോക്സഭ എം.പിയാണ് രാജ്നാഥ് സിങ്. യു.പിയിൽ ലവ് ജിഹാദ് തടയുകയെന്ന പേരിലാണ് മതപരിപർത്തന നിരോധന നിയമം യു.പി സർക്കാർ കൊണ്ടുവന്നത്. മുസ്ലിം യുവാക്കെള ലക്ഷ്യം വെച്ചുള്ളതാണ് നിയമമെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിയമം നടപ്പാക്കി രണ്ടുമാസത്തിനുള്ളിൽ നിരവധി മുസ്ലിം യുവാക്കളെ നിയമത്തിന്‍റെ പേരിൽ ജയിലിലാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.