തൂക്കുസഭയല്ല; കോൺഗ്രസ് 146 സീറ്റ് നേടുമെന്ന് ഡി.കെ ശിവകുമാർ
text_fieldsബംഗളൂരു: കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ. എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല. എക്സിറ്റ്പോളുകൾ തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാൽ, 146 സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് ശിവകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും കർണാടകയുടെ വിശാലമായ താൽപര്യമാണ് പരിഗണിക്കുക. ഡബിൾ എൻജിൻ സർക്കാർ കർണാടകയിൽ പരാജയപ്പെടും. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും പാർട്ടി കർണാടകയിൽ കേവല ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. തൂക്കുസഭക്കുള്ള സാധ്യതയാണ് എക്സിറ്റ് പോളുകൾ പറയുന്നത്. റിപ്പബ്ലിക് ടിവി പുറത്തുവിട്ട എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബി.ജെ.പിക്ക് 85 മുതൽ 100 സീറ്റുകൾ വരെയാണ് പ്രവചനം. ജെ.ഡി.എസ് 24–32 സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്ന് എക്സിറ്റ് പോൾ പറയുന്നു.
ന്യൂസ് നേഷന്റെ എക്സിറ്റ് പോൾ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. 114 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് -86, ജെ.ഡി.എസ് -21, മറ്റുള്ളവർ -മൂന്ന് എന്നിങ്ങനെയാണ് ന്യൂസ് നേഷന്‍റെ പ്രവചനം. സുവർണ ന്യൂസ് എക്സിറ്റ് പോൾ പ്രകാരം ബി.ജെ.പി 94-117 സീറ്റുകളും കോൺഗ്രസ് 91-106 സീറ്റുകളും ജെ.ഡി.എസ് 14-24 സീറ്റുകളും മറ്റുള്ളവർ 0-4 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. സീ ന്യൂസ് എക്സിറ്റ് പോളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പാർട്ടി 103 മുതൽ 118 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 79-94 സീറ്റുകളും ജെ.ഡി.എസ് 25-33 സീറ്റുകളും മറ്റുള്ളവർ 2-5 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ടിവി 9 ഭാരത് വർഷ് എക്സിറ്റ് പോൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. 99 മുതൽ 109 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് പറയുന്നു. 79-94 വരെ സീറ്റുകൾ ബി.ജെ.പിയും 25 മുതൽ 33 വരെ സീറ്റുകൾ ജെ.ഡി.എസും നേടുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവർക്ക് രണ്ടു മുതൽ അഞ്ചു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷമില്ലെങ്കിൽ ജെ.ഡി.എസ് കിങ് മേക്കറാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.