'എവിടെയും സുരക്ഷിതമായി തോന്നുന്നില്ല'; തനിക്കെതിരായ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ലീന മണിമേഖല
text_fieldsന്യൂഡൽഹി: കാളി ഡോക്യുമെന്‍ററിയുടെ പോസ്റ്റർ വിവാദമായതിന് പിന്നാലെ തനിക്കിപ്പോൾ എവിടെയും സുരക്ഷിതമായി തോന്നുന്നില്ലെന്ന് സംവിധായക ലീന മണിമേഖല. പോസ്റ്ററിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിലുടനീളം ഭീഷണികളും പ്രതിഷേധങ്ങളും വർധിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ഏറ്റവും വലിയ ജനാധിപത്യത്തിൽ നിന്ന് വിദ്വേഷം മാത്രം പ്രചരിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അതിലൂടെ തന്നെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നതെന്നും ലീന മണിമേഖല പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നടന്ന് വരുന്ന സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.
കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂനിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പിന്നീട് ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അസമിലും ഉത്തർപ്രദേശിലുമുൾപ്പടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും സംവിധായകക്കെതിരെ കേസെടുത്തിട്ടുണ്ട്.
തനിക്ക് നഷ്ടപ്പെടാനായി ഒന്നുമില്ലെന്ന് കേസുകൾക്കെതിരെ അവർ നേരത്തെ പ്രതികരിച്ചിരുന്നു. ഒന്നിനെയും പേടിക്കാതെ സംസാരിച്ച് കൊണ്ടിരിക്കുന്ന ശബ്ദങ്ങൾക്കൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ജീവനാണ് വിലയെങ്കിൽ അത് തരാൻ തയ്യാറാണെന്ന് സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങൾക്ക് മറുപടിയായി ലീന മണിമേഖല ട്വീറ്റ് ചെയ്തിരുന്നു.
'തമിഴ്നാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ പ്രാചീന ദേവതയായാണ് കാളിയെ ആരാധിക്കുന്നത്. ആടിന്‍റെ രക്തത്തിൽ പാകം ചെയ്ത മാംസവും, ചാരായവും, ബീഡിയും വലിച്ച് വന്യമായ നൃത്തമാടുന്നവളാണ് കാളി എന്നാണ് അവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത്. ആ കാളിയെയാണ് സിനിമക്ക് വേണ്ടി താൻ ആവിഷ്കരിച്ചത്'- ലീന മണിമേഖല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.