'അർണബിന്‍റെ ചാനൽ കാണാറുപോലും ഇല്ല, പക്ഷേ...'; ജാമ്യ ഹരജി പരിഗണിക്കവേ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹരജി സുപ്രീംകോടതി പരിഗണിക്കുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദിരാ ബാനർജി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അർണബിന്‍റെ ചാനൽ കാണാറുപോലും ഇല്ലെന്ന് ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് കോടതിക്ക് മുന്നിലെ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സര്‍ക്കാറിനോട് കോടതി ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാര്യങ്ങളിൽ ഭരണഘടനാ സ്ഥാപനങ്ങളായ ഹൈക്കോടതികൾ വേണ്ടത്ര ഇടപെടുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
'അദ്ദേഹത്തിന്‍റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക'; ജസ്റ്റിസ് ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്‍റെ പേരില്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് കോടതിക്ക് മുന്നിലെ വിഷയം -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് അര്‍ണബിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അമിത് ദേശായ് എന്നിവര്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.