'കുംഭമേള നടക്കരുതായിരുന്നുവെന്നാണ് ഹിന്ദുവെന്ന നിലയിൽ തോന്നിയത്'; വിയോജിപ്പുമായി സോനു നിഗം
text_fieldsമുംബൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ ഹരിദ്വാറിൽ ലക്ഷങ്ങൾ സംഗമിച്ച കുംഭമേള സംഘടിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കോവിഡിനിടെ കുംഭമേള നടത്തിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഗായകൻ സോനു നിഗം. ഹിന്ദുവെന്ന നിലയിൽ കുംഭമേള നടക്കരുതായിരുന്നുവെന്നാണ് തോന്നുന്നതെന്ന് സോനു പറഞ്ഞു.
'ഇപ്പോൾ എനിക്കു മറ്റൊന്നിനെയും കുറിച്ചു സംസാരിക്കാനില്ല. ഞാൻ ഒരു ഹിന്ദുവായാണ് ജനിച്ചത്. ഇപ്പോൾ ജീവിക്കുന്നതും ഹിന്ദുവായി തന്നെ. കുംഭമേള വിശ്വാസത്തിന്‍റെ ഭാഗമാണെന്നറിയാം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരു കാരണവശാലും കുംഭമേള നടക്കാൻ പാടില്ലായിരുന്നു' -സോനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
'ദൈവത്തിന് നന്ദി. അത് പ്രതീകാത്മകമാക്കിയിരിക്കുന്നു. ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതു മാത്രമാണ് പരമപ്രധാനം. അതിലുപരിയായി ഇപ്പോൾ മറ്റൊരു ആവശ്യവും ഇല്ല' -സോനു പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനാൽ ലൈവ് ഷോകൾ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഗായകൻ എന്ന നിലയിൽ ഇപ്പോൾ സംഗീതപരിപാടികൾ നടത്താനാകില്ല. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ സാമൂഹിക അകലം പാലിച്ചും മറ്റു മുൻകരുതൽ നടപടികൾ സ്വീകരിച്ചും വേണമെങ്കിൽ പരിപാടികൾ നടത്താം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പറ്റില്ല. കാരണം, ഗുരുതരമായ അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. എല്ലാവരും വളരെ സൂക്ഷിക്കുക' -സോനു കൂട്ടിച്ചേർത്തു. ഗോവയിലുള്ള സോനു തിങ്കളാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്നും സ്വയം നിരീക്ഷണത്തിൽ കഴിയുമെന്നും വിഡിയോയിൽ പറയുന്നുണ്ട്.
കുംഭമേളയിൽ പങ്കെടുത്ത ആയിരക്കണക്കിനാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചില സന്യാസ സമൂഹങ്ങളുടെ കുംഭമേളയിൽ നിന്നും പിൻമാറി.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഹരിദ്വാർ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗാ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്‍റ് സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേളയുടെ ചടങ്ങുകള്‍ ചുരുക്കണമെന്ന് അഭ്യർഥിച്ചത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.