പടിക്കെട്ടിറങ്ങി പാവങ്ങളിലേക്കെത്തട്ടെ നീതിയെന്നും
text_fieldsഒരു ബഹുനില കെട്ടിടത്തിന്‍റെ ചവിട്ടു പടിയിൽ ഇരിക്കുന്ന വയോധിക, അവർക്കരികിൽ അനുതാപം നിറഞ്ഞ മുഖഭാവവുമായി കറുത്ത കുപ്പായക്കാരനായ ഒരു ഉദ്യോഗസ്ഥൻ. ഒറ്റ നോട്ടത്തിൽ ഒരു ഫീൽ ഗുഡ് തമിഴ് -തെലുഗു ചിത്രത്തിലെ രംഗമെന്നു തോന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ ചിത്രം കണ്ടാൽ. പക്ഷെ അത് സിനിമയല്ല ജീവിതമാണ്. ഒരു ചിത്രം കിട്ടിയാൽ കഥകളായിരം മെനഞ്ഞു പ്രചരിപ്പിക്കുന്ന വാട്സാപ്പ് കാലത്തു ആ രംഗത്തെക്കുറിചുള്ള വ്യാഖ്യാനങ്ങൾക്കും കുറവുണ്ടായില്ല.
ആന്ധ്രയിലെ ഒരു ജില്ലാ മജിസ്‌ട്രേറ്റ് പരാതിക്കാരിയുടെ ആവലാതി കേൾക്കാൻ തന്റെ സീറ്റിൽ നിന്ന് ഇറങ്ങി വന്നതാണ് എന്നാണു പ്രചരിക്കുന്നതിൽ പ്രബലമായ കഥ. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഫെയ്‌സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റിനു കീഴെ കാൽ ലക്ഷത്തിലേറെ പേരാണ് ലൈക് ചെയ്തത്
തെലുങ്കാനയിലെ ഭൂപൽ പള്ളി ജില്ലാ കോടതി ജഡ്ജ് അബ്ദുൽ ഹസീം പരാതിക്കാരിയെ കാണാൻ ഇറങ്ങി വന്നതാണ് എന്ന് കട്ജു കുറിപ്പിൽ പറയുന്നു. എന്നാൽ ജില്ലാ മജിസ്‌ട്രേറ്റിനു ഔദ്യോഗിക വസ്ത്രം ധരിക്കാതെ ഓഫീസിൽ ഇരിക്കാൻ പറ്റില്ലല്ലോ എന്ന പോയിന്റ് ഓഫ് ഓഡർ ചൂണ്ടി കാണിച്ചു ചില വായനക്കാർ.
സംഭവം ഉള്ളത് തന്നെയാണ്. അത് തെലുങ്കാനയിൽ തന്നെയാണ്. ജില്ലാ മജിസ്‌ട്രേട് അല്ല കളക്ടർ ആണ് നീതിയുടെ ആശ്വാസവുമായി പടിക്കെട്ടിറങ്ങി വന്നത്. ജയശങ്കർ ഭൂപൽ പള്ളി എന്ന ജില്ലയുടെ കളക്ടർ മുഹമ്മദ് അബ്ദുൽ അസീം ഐ.എ.എസ് സംഭവം നടന്നത് ഈ വര ഫെബ്രുവരിയിലാണ്.
എഴുപതു വയസുള്ള അജ്‌മീറ മങ്കമ്മ എന്ന വയോധിക വർഷങ്ങളായി തനിക്കു അർഹമായ വാർധക്യ കാല പെൻഷൻ അനുവദിച്ചു കിട്ടാൻ ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു. പല കാരണങ്ങൾ പറഞ്ഞു അധികാരികൾ മടക്കി അയക്കും. ഒടുവിൽ ആണ് കളക്ടറുടെ പടിക്കൽ വന്നത്. കാര്യം അന്വേഷിക്കാൻ എത്തിയ കളക്ടറോട് പറഞ്ഞു ഭക്ഷണം കഴിക്കാൻ നിവർത്തി ഇല്ലാത്ത കഥ, പെൻഷൻ വേണ്ടി അലഞ്ഞു തിരിഞ്ഞ കഥ. അദ്ദേഹം ഉടനെ ജില്ലാ ഗ്രാമീണ വികസന ഓഫീസർ സുമതിയെ വിളിച്ചു വിവരം അന്വേഷിക്കാനും ഉടനെ പെൻഷൻ അനുവദിച്ചു നൽകാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടുവെന്നും ആ വയോധികക്ക് നീതി ലഭിച്ചുവെന്നും നമുക്ക് ആശിക്കാം. അധികാരി സമൂഹം മാളിക മുകളിൽ നിന്ന് സാധാരണ മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലട്ടെ എന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.