'മമത ബാനർജിയെ പിന്തുടരുന്നുണ്ട്'; തൃണമൂൽ കോൺഗ്രസിനെ 'അൺഫോളോ' ചെയ്തതിൽ മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: വിവാദമായ 'കാളി' ഡോക്യുമെന്‍ററി പോസ്റ്ററുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്‍റെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്ത നടപടിയിൽ വിശദീകരണവുമായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ഇത് താനും പാർട്ടിയും തമ്മിലുള്ള പ്രശ്നമാണ്. മമത ബാനർജിയെ താനിപ്പോഴും പിന്തുടരുന്നുണ്ടെന്നും മഹുവ വ്യക്തമാക്കി.
'ഞാൻ തൃണമൂൽ കോൺഗ്രസിനു വേണ്ടിയും മുഖ്യമന്ത്രി മമത ബാനർജിക്ക് വേണ്ടിയും ഉറച്ചു നിൽക്കുന്ന ആളാണ്. എന്നാൽ ബി.ജെ.പിയുടെ ഏകാധിപത്യപരവും സ്ത്രീവിരുദ്ധവുമായ ഹിന്ദു ആശയങ്ങൾക്കെതിരായ പോരാട്ടമാണിത്. അവയെ ഞാൻ മരിക്കും വരെ എതിർക്കും' -മഹുവ മൊയ്ത്ര പറഞ്ഞു. മഹുവ ഇതിലേക്ക് കടക്കരുതെന്ന് തന്നോട് പറയുന്നവരെല്ലാം ബി.ജെ.പിയുടെ ഭ്രാന്ത ചിന്തകളെ വളർത്തുന്നവരാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും മഹുവ കൂട്ടിച്ചേർത്തു.
ഓരോ വ്യക്തിക്കും അവരുടേതായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ അവകാശമുണ്ടെന്നും കാളി ദേവിയെ മാംസാഹാരവും മദ്യവും കഴിക്കുന്ന ദൈവമായി സങ്കൽപ്പിക്കാൻ വ്യക്തിയെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നുമുള്ള മൊയ്ത്രയുടെ പ്രസ്താവന വിവാദമായിരുന്നു. ഇത് മൊയ്ത്രക്കെതിരെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പാർട്ടിക്കകത്ത് നിന്ന് പോലും മെഹുവ വിമർശിക്കപ്പെട്ടു.
എം.പിയുടെ പ്രതികരണം വ്യക്തിപരമാണെന്നും അതിനെയൊരിക്കലും പാർട്ടി പിന്തുണക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് നിലപാടെടുത്തിരുന്നു. തനിക്കെതിരെ കേസെടുക്കണമെങ്കിൽ എടുക്കാമെന്ന് മൊയ്ത്ര പറഞ്ഞു. പക്ഷെ തെറ്റ് തെളിയിക്കാൻ താൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നുവെന്നും ബംഗാളിൽ ഏത് കാളി ക്ഷേത്രത്തിൽ വേണമെങ്കിലും പോയി പ്രസ്താവന തെറ്റാണോയെന്ന് പരിശോധിക്കാമെന്നും മെഹുവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.