'നിങ്ങൾക്ക് 24 മണിക്കൂർ തരാം, എത്ര പാകിസ്താനികളും റോഹിങ്ക്യകളും ഇവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കൂ' ബി.ജെ.പിയെ വെല്ലുവിളിച്ച് ഉവൈസി
text_fieldsഹൈദരാബാദ്: ഇവിടെ താമസിക്കുന്നവരെല്ലാം പൗരന്മാരാണ്, എത്ര പാകിസ്ഥാനികളും റോഹിങ്ക്യകളും ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കാൻ ഞാൻ നിങ്ങൾക്ക് 24 മണിക്കൂർ സമയം നൽകാമെന്നും ബി.ജെ.പിയോട് അസദുദ്ദീൻ ഉവൈസി.
വോട്ടർ പട്ടികയിൽ റോഹിങ്ക്യകളും പാകിസ്താനികളും ഉണ്ടെന്ന ആരോപണം തെളിയിക്കാൻ പല തവണയാണ് ഉവൈസി ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിച്ചത്. എന്നാൽ അതിനെതിരെ ബി.ജെ.പി നേതൃത്വം ഇതുവരെ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.
ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്താനികളേയും പുറത്താക്കാനായി സർജിക്കൽ സ്ട്രൈക്ക് നടപ്പാക്കുമെന്ന ബി.ജെ.പി തെലങ്കാന അധ്യക്ഷൻ സഞ്ജയ് കുമാറിന് മറുപടിയായാണ് ഉവൈസിയുടെ പ്രതികരണം.
വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഹിങ്ക്യകളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഉവൈസിക്കെതിരെയും എ.ഐ.എം.ഐ.എമ്മിനുമെതിരെ ബി.ജെ.പി ഇത് തെരഞ്ഞെടുപ്പ് ആയുധമാക്കിയിട്ടുണ്ട്.
30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണം. നാളെ വൈകുന്നേരത്തോടെ പേരുകൾ അവർ വെളിപ്പെടുത്തണം. വിദ്വേഷം സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്നും ഉവൈസി പറഞ്ഞു.
'കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ?, പട്ടിക തയ്യാറാക്കുന്നത് അദ്ദേഹത്തിന്‍റെ ജോലിയല്ലേ? 30,000-40,000 റോഹിങ്ക്യകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്നല്ലേ പറയുന്ന്?എങ്ങനെ സംഭവിച്ചു - അദ്ദേഹം ചോദിച്ചു. ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.