താനും വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തിയുടെ മകൾ
text_fieldsശ്രീനഗർ: തന്നെയും അധികൃതർ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽ തിജ മുഫ്തി. മുത്തച്ഛനും രണ്ടുതവണ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്‍റെ ഖബറിടം സന്ദ ർശിക്കാൻ പൊലീസ് തന്നെ അനുവദിച്ചില്ലെന്നും ഇൽതിജ ആരോപിച്ചു.
മുത്തച്ഛന്‍റെ നാലാം ചരമവാർഷിക ദിനമായ ജനുവരി ഏ ഴിന് ഖബറിടം സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതിന് അനുവാദം ലഭിച്ചില്ലെന്ന് ഇൽതിജ വാർത്താ ഏജൻസിയോട് പറഞ്ഞു.
താൻ വീട്ടുതടങ്കലിലാണ്. എങ്ങോട്ടും പോകാൻ അനുവദിക്കുന്നില്ല. മുത്തച്ഛന്‍റെ ഖബറിടം സന്ദർശിക്കാൻ പോകുന്നത് കുറ്റകൃത്യമാണോ? പ്രതിഷേധിക്കാനോ കല്ലെറിയാനോ പോകുന്നതാണെന്ന് അധികൃതർ കരുതുന്നുണ്ടോയെന്നും ഇൽതിജ ചോദിച്ചു.
ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ അകലെ അനന്ത്നാഗ് ജില്ലയിലാണ് മുഫ്തി മുഹമ്മദ് സയീദിന്‍റെ ഖബറിടം.
ശ്രീനഗറിലെ ഗുപ്കർ റോഡിലെ മെഹ്ബൂബ മുഫ്തിയുടെ വീട്ടിലേക്കുള്ള വഴിയെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. വാർത്താലേഖകരെ ഉൾപ്പടെ ഇവിടേക്ക് കടത്തിവിടുന്നില്ല. സുരക്ഷാ ജീവനക്കാരെയും സമീപത്തെ താമസക്കാരെയും മാത്രമേ കടത്തിവിടുന്നുള്ളൂ.
അതേസമയം, ഇൽതിജ മുഫ്തി വീട്ടുതടങ്കലിലാണെന്ന കാര്യം പൊലീസ് നിഷേധിച്ചു. ഇൽതിജ പ്രത്യേക സുരക്ഷയുള്ളവരുടെ വിഭാഗത്തിലാണെന്നും ഇവരുടെ സന്ദർശനത്തിന് അനന്ത്നാഗ് ജില്ല അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടവിലിട്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ അഞ്ച് മാസത്തോളമായി വീട്ടുതടങ്കലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.