''മോദി ഒരു ഒഴിവുകഴിവ് മാത്രം; സ്വന്തം വീട്ടിൽ നിന്ന് നിർബന്ധിതമായി പുറത്തുപോകേണ്ടി വന്നു''-ഗുലാം നബി ആസാദ്
text_fieldsമുംബൈ: ഭാരത് ജോഡോ യാത്രയും കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നതിനു മുമ്പാണ് പാർട്ടിയിൽ നിന്ന് രാജിവെച്ച് ഗുലാം നബി ആസാദ് പ്രവർത്തകരെ ഞെട്ടിച്ചത്. സംഘടന ഭാരവാഹിത്വ തെരഞ്ഞെടുപ്പ് പരിഹാസ്യവും നാണക്കേടുണ്ടാക്കുന്നതുമാണെന്നായിരുന്നു ഗുലാംനബിയുടെ ആരോപണം.
"മോദി ഒരു ഒഴിവുകഴിവ് മാത്രമാണ്. ജി23 നേതാക്കൾ കത്ത് എഴുതിയതുമുതൽ കോൺഗ്രസ് നേതാക്കൾക്ക് എന്നോട് കലിപ്പാണ്. ആരും എതിരായി എഴുതുന്നത് അവർ സഹിക്കില്ല. ആരും ചോദ്യം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ല. നിരവധി കോൺഗ്രസ് സമ്മേളനങ്ങൾ നടന്നു. ഒരിക്കൽ പോലും അതിലൊന്നും ഒരു നിർദേശം പോലുമുയർന്നില്ല''- ഗുലാം നബി ആസാദ് മാധ്യമപ്രവർത്തരോട് സംസാരിക്കവെ പറഞ്ഞു. താൻ സ്വന്തം വീട്ടിൽ നിന്ന് നിർബന്ധിതമായി ഒഴിഞ്ഞുപോകാൻ നിർബന്ധിതനായെന്നും അദ്ദേഹം ആരോപിച്ചു. ജി23 ഗ്രൂപ്പ് അംഗമായ ഗുലാം നബി ആസാദ് കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് വാദിച്ചിരുന്ന നേതാവാണ്. ആസാദിന്റെ രാജിക്കു പിന്നാലെ മുതിർന്ന അഞ്ച് നേതാക്കൾ കൂടി കോൺഗ്രസ് വിട്ടിരുന്നു. ജമ്മുകശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് ആസാദിന്റെ ശ്രമം.
വെള്ളിയാഴ്ചയാണ് ആസാദ് പാർട്ടിയിൽ നിന്ന് എല്ലാ സ്ഥാനങ്ങളും രാജിവെച്ചത്.ചർച്ചചെയ്ത് തീരുമാനമുണ്ടാക്കുന്ന സംവിധാനം രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ മൂലം നശിച്ചുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഗുലാം നബി പാർട്ടി വിട്ടത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ അഞ്ചുപേജുള്ള രാജിക്കത്തിലായിരുന്നു ആരോപണം. രാഹുലിന്റെ അംഗരക്ഷകരാണ് പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും സോണിയ നോക്കുകുത്തിയായിയെന്നും കത്തിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.