'വിലാസം നരകമോ സ്വർഗമോ'; മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടെന്ന പത്ര പരസ്യം നൽകി 'പരേതൻ'
text_fields
ദിസ്പൂർ: പലതരം സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതായുള്ള പത്ര പരസ്യങ്ങൾ ദിവസേനെ നാം കാണാറുണ്ട്. എന്നാൽ, സ്വന്തം മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി കാണിച്ച് ഒരാൾ നൽകിയ വിചിത്രമായ പത്ര പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ രൂപിൻ ശർമയാണ് ട്വിറ്ററിൽ പരസ്യം പോസ്റ്റ് ചെയ്തത്. അസമിലാണ് സംഭവം.
'തീയതി 07/09/22, രാവിലെ സമയം ഏകദേശം 10 മണിക്ക് ലംഡിങ് ബസാറിൽ വെച്ച് എന്‍റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു'. രഞ്ജിത് കുമാർ ചക്രവർത്തി സൺ ഓഫ് സുധങ്സു ചക്രവർത്തി എന്നയാളുടെ പേരിലാണ് പരസ്യം. നഷ്‌ടമായ രേഖയുടെ രജിസ്‌ട്രേഷൻ, സീരിയൽ നമ്പർ എന്നിവ പരസ്യത്തിൽ വിശദമാക്കുന്നുണ്ട്.
അതേസമയം, ഇൗയിടെ അസമിലുണ്ടായ വൻ പ്രളയത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് പല രേഖകളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മരണശേഷം ലഭിക്കുന്ന ഒരു രേഖ നഷ്‌ടമായി എന്ന് പറഞ്ഞ് ഒരാൾ രംഗത്ത് വന്നതാണ് വിരോധാഭാസമാകുന്നത്. കൗതുകകരമായ പത്രപരസ്യത്തിന്‍റെ വസ്തുത എന്താണെന്ന് വ്യക്തമല്ലെങ്കിലും സൈബർ ഇടങ്ങളിൽ ഇത് ചിരി പടർത്തുകയാണ്.
'സർട്ടിഫിക്കറ്റ് ഡെലിവറി ചെയ്യേണ്ടത് സ്വർഗത്തിലോ നരകത്തിലോ'? എന്നാണ് ഒരു നെറ്റിസൺ കമന്റിൽ ചോദിക്കുന്നത്. 'പ്രസാധകർ എങ്ങനെയാണ് ഇത്തരത്തിലൊരു പരസ്യം നൽകിയത്' എന്നാണ് പലരും ആശ്ചര്യപ്പെട്ടത്. കഴിഞ്ഞ മാസം രാജസ്ഥാൻ ആസ്ഥാനമായുള്ള ഒരു ടെക്സ്റ്റൈൽ കമ്പനി നൽകിയ കോർപ്പറേറ്റ് ഫയലിങിൽ 'ഞങ്ങളുടെ പ്രൊമോട്ടർ മരിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന്' എന്നായിരുന്നു പറഞ്ഞത്. ഒട്ടും വൈകിയില്ല, സ്ഥാപനത്തെ ട്രോളി നിരവധിയാളുകളാണ് പിന്നീട് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.