ഞാൻ പ്രതിപക്ഷ മുഖമല്ല; പ്രധാനമന്ത്രിയാവാനില്ല -നിതീഷ് കുമാർ
text_fieldsപട്ന: 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ താൻ പ്രതിപക്ഷ മുഖമല്ലെന്നും പ്രധാനമന്ത്രിയാവാനില്ലെന്നും ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. തനിക്ക് പ്രതിപക്ഷ മുഖവാനുള്ള കഴിവില്ലെന്നും നിതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം ബദൽ അജണ്ട കൊണ്ടുവരണം. കോൺഗ്രസാണ് വലിയ പാർട്ടി. ചിദംബരവും രാഹുൽ ഗാന്ധിയും ഈ പ്രതിപക്ഷത്തെ നയിക്കട്ടെയെന്നും നിതീഷ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷം കർഷക പ്രശ്നങ്ങൾ മറന്നു. അത്തരം പ്രശ്നങ്ങൾ സ്വകാര്യമായി മാത്രമാണ് ചർച്ച ചെയ്യുന്നത്. നോട്ട് നിരോധനം ബി.ജെ.പിക്കെതിരായി ചർച്ച ചെയ്തിട്ട് കാര്യമില്ല. ജി.എ.സ്.ടിയെ സംസ്ഥാനം അനുകൂലിക്കുന്നു. ഒറ്റ നികുതി സംവിധാനം കാര്യങ്ങളിൽ കൃത്യത കൊണ്ടുവരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഉണ്ടായ ഭിന്നതയുടെ ഉത്തരവാദി കോൺഗ്രസ് മാത്രമാണെന്ന് കഴിഞ്ഞ ദിവസം നിതീഷ് പറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹം നിഷേധിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളിൽ വിള്ളലുണ്ടാക്കി എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിനാണ് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചത്. ഇതിനെ വിമർശിച്ച് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.